Latest News :
...
Home » , , » കര്‍ണാടക കത്തുന്നു; പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുന്നു

കര്‍ണാടക കത്തുന്നു; പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുന്നു

Written By Muhimmath News on Tuesday, 13 September 2016 | 10:29

ബംഗളൂരൂ/ചെന്നൈ: കാവേരി നദിയില്‍നിന്നുള്ള വെള്ളം പങ്കുവയ്ക്കുന്നതിനെതിരേയുള്ള പ്രതിഷേധം കര്‍ണാടകയില്‍ അക്രമത്തിലേക്കു വഴിമാറി. 

തമിഴ്‌നാട്ടുകാരുടെ ഉടമസ്ഥതയിലുള്ള കടകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടതോടെ ചെന്നൈയിലും പുതുച്ചേരിയിലും തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ തിരിച്ചടിയും തുടങ്ങി. മുന്‍കരുതലെന്ന നിലയില്‍ ബംഗളൂരു നഗരത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഇന്നലെ വൈകുന്നേരത്തോടെ നിരോധിച്ചു. കര്‍ണാടകയില്‍ ബംഗളൂരു നഗരത്തിലും മൈസുരൂരുവിലേക്കുള്ള ദേശീയപാതയിലുമാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. 

ഹഗനഹള്ളിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീട് ആക്രമിച്ച വര്‍ക്ക് നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ബംഗളൂരുവിലെ ഡിപ്പോയ്ക്കു സമീപം കെപിഎന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ 40 ബസുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവച്ചത്. തമിഴ്‌നാട്ടിലെ സേലം ആസ്ഥാനമായുള്ള ഗ്രൂപ്പാണ് കെപിഎന്‍. 

തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ട്രക്കുകള്‍ക്കും ബസുകള്‍ക്കും നേരേ മറ്റിടങ്ങളിലും ആക്രമണമുണ്ടായി. അറുപതോളം ബസുകള്‍ ആക്രമിക്കപ്പെട്ടതായി കര്‍ണാടക പോലീസ് അറിയിച്ചു. ഇരുനൂറോളം ലോറികളും കത്തിച്ചു. കാവേരി മേഖലയിലും പ്രതിഷേധം ആളിക്കത്തുകയാണ്. പാണ്ഡവപുരയില്‍ തമിഴ്‌നാട്ടുകാരുടെ ആറു കടകള്‍ തല്ലിത്തകര്‍ത്തു. ഇവിടെ ലാത്തിച്ചാര്‍ജ് നടത്തിയ പോലീസിനു നേരേ കല്ലേറുണ്ടായി. നേരത്തേ തമിഴ്‌നാട്ടില്‍ സേവനമനുഷ്ഠിച്ചിരുന്ന ജസ്റ്റീസ് ശിവപ്പയുടെ വീടിനു നേരേയും ആക്രമണമുണ്ടായി. 

മാണ്ഡ്യയിലും അക്രമങ്ങള്‍ അരങ്ങേറി. ബംഗളൂരു-മൈസൂരു ദേശീയപാത പലയിടത്തും അടച്ചിട്ടു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. 

സംഘര്‍ഷം കനത്തതോടെ ചാമരാജനഗര്‍ ജില്ലയിലെ അതിര്‍ത്തിയില്‍ പോലീസ് അതീവജാഗ്രത പാലിക്കുകയാണ്. അന്യ സംസ്ഥാന വാഹനങ്ങള്‍ പോലീസ് തടയുന്നുണെ്ടന്നും ചാമരാജനഗര്‍ എസ് പി കുല്‍ദീപ്കുമാര്‍ ജെയിന്‍ അറിയിച്ചു. 

തമിഴ്‌നാട്ടില്‍നിന്നുള്ള വാഹനങ്ങള്‍ മൈസൂരു, ചിത്രദുര്‍ഗ, ധാര്‍വാഡ് ജില്ലകളിലും ആക്രമിക്കപ്പെട്ടു. അക്രമം ഭയന്ന് ബംഗളൂരു നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും നേരത്തെ അടച്ചു. മെട്രോ സര്‍വീസുകളേയും സമരം ബാധിച്ചു. കര്‍ണാടകയിലെ പ്രതിഷേധം അക്രമത്തിലേക്കു വഴിമാറിയതോടെ തമിഴ്‌നാട്ടില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. കര്‍ണാടക കമ്പനിയുടെ ഉടമസ്ഥതയില്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ദി ന്യൂ വുഡ്‌ലാന്‍ഡ് ഹോട്ടലിനുനേരേ ഒരുസംഘം അക്രമികള്‍ പെട്രോള്‍ബോംബ് എറിഞ്ഞു. 

തമിഴ്‌നാട്ടുകാരെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന ലഘുലേഖ സംഘം ഹോട്ടലിനുള്ളിലേക്കു വലിച്ചെറിഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് പത്തു പേരെ പോലീസ് പിടികൂടി. 


കര്‍ണാടകയില്‍ നിന്നുള്ള പത്തു ബസുകള്‍ രാമേശ്വരത്ത് ആക്രമിക്കപ്പെട്ടു. ബംഗളൂരുവില്‍ 22 കാരനായ തമിഴ്‌യുവാവിനെ ഒരുസംഘം ആക്രമിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതും പ്രകോപനത്തിനു കാരണമായി. കന്നഡ നടനെതിരേ സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ തമിഴ് യുവാവിനെ ആക്രമിക്കുകയായിരുന്നു. നാം തമിഴര്‍ കച്ചി, തമിഴക വാഴുറുമൈ കച്ചി തുടങ്ങിയ സംഘടനകളാണു പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്. 

പുതുച്ചേരിയില്‍ കര്‍ണാടക ഉടമസ്ഥതയിലുള്ള ബാങ്കിനു നേരേയായിരുന്നു ആക്രമണം. സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പുതുച്ചേരിയിലുള്ള കര്‍ണാടക ബാങ്കുകള്‍ക്കു സംരക്ഷണം ശക്തമാക്കുകയും ചെയ്തു.

അതിനിടെ തമിഴ്‌നാട്ടിലുള്ള കര്‍ണാടകക്കാര്‍ക്കു സംരക്ഷണം നല്‍കണമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് അഭ്യര്‍ഥിച്ചു. എട്ടു ദിവസമായി കര്‍ണാടകയിലെ മൈസൂരു, ചാമരാജനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു തമിഴ്‌നാട്ടിലെ ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ നിലച്ചിരിക്കുകയാണ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved