Latest News :
Home » , » ഉറിയിലെ സൈനികരുടെ രക്തസാക്ഷിത്വം വെറുതെയാവില്ല: രാജ്യം മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി

ഉറിയിലെ സൈനികരുടെ രക്തസാക്ഷിത്വം വെറുതെയാവില്ല: രാജ്യം മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി

Written By Muhimmath News on Saturday, 24 September 2016 | 21:55

കോഴിക്കോട്: ഉറിയില്‍ ഇന്ത്യന്‍ സൈനികര്‍ ജീവന്‍ ത്യജിച്ചത് വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി. ഉറി ഭീകരാക്രമണം രാജ്യം മറക്കില്ലെന്നും ശക്തമായ മറുപടി നല്‍കുമെന്നും മോദി പറഞ്ഞു. കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഏഷ്യയിലെ രാജ്യങ്ങള്‍ മുഴുവന്‍ വികസനത്തിലേക്ക് നീങ്ങുമ്പോള്‍ ഒരു രാജ്യം എല്ലാ ഭാഗത്തേക്കും ഭീകരവാദം കയറ്റി അയക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഭീകരവാദം കയറ്റുമതി ചെയ്യുകയും നിഷ്‌കളങ്കരായ ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന പാകിസ്താന്റെ നടപടികള്‍ ചൂണ്ടിക്കാട്ടി രാജ്യാന്തര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിന് ഇന്ത്യ പരിശ്രമിക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു. പട്ടിണിയും തൊഴിലില്ലായ്മയും ഇല്ലാതാക്കുവാനുള്ള യുദ്ധം ഇരുരാജ്യങ്ങള്‍ക്കും തുടങ്ങാമെന്നും ഈ യുദ്ധത്തില്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേത് അല്ലാതാക്കാന്‍ ഒരു രാഷ്ട്രം ശ്രമിക്കുകയാണ്. അവരുടെ ലക്ഷ്യം തീവ്രവാദം പ്രചരിപ്പിക്കുകയും രക്തപ്പുഴ ഒഴുക്കുകയുമാണ്. അഫ്ഗാനിസ്ഥാനിലോ ബംഗ്ലാദേശിലോ എവിടെ ഒരു ഭീകരാക്രമണ വാര്‍ത്ത വന്നാലും ആ ഭീകരര്‍ ഒന്നുകില്‍ പാകിസ്താനില്‍ നിന്ന് ചെല്ലുകയോ അല്ലെങ്കില്‍ ആക്രമണത്തിന് ശേഷം ഭീകരര്‍ പാകിസ്താനില്‍ ചെന്നെത്തുകയോ ചെയ്യുന്നുണ്ട്. തീവ്രവാദികള്‍ക്ക് സുരക്ഷിതമായ ഏക കേന്ദ്രം പാകിസ്താനാണ്. മോദി കുറ്റപ്പെടുത്തി.

ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചാണ് സ്വാതന്ത്ര്യം നേടിയത്. ഇന്ത്യ ഐടി സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുമ്പോള്‍ പാക്കിസ്ഥാന്‍ തീവ്രവാദമാണ് കയറ്റുമതി ചെയ്യുന്നതെന്ന് മോദി പറഞ്ഞു. പാക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും കാര്യങ്ങള്‍ ശരിയായ വിധത്തില്‍ കൊണ്ടുപോകാന്‍ പാക്കിസ്ഥാന് കഴിയുന്നില്ല. അവര്‍ കശ്മീരിനെ കുറിച്ച് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ്. പാക് ജനത അവിടത്തെ ഭരണാധികാരികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന കാലം അതിവിദൂരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved