Latest News :
Home » , , » ബീഫ്; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ഹരിയാന പോലീസിന്റെ ബിരിയാണി പരിശോധന

ബീഫ്; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ഹരിയാന പോലീസിന്റെ ബിരിയാണി പരിശോധന

Written By Muhimmath News on Wednesday, 7 September 2016 | 11:48

ചണ്ഡീഗഡ്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂട്ടബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സംസ്ഥാനമാണ് ഹരിയാന. എന്നാല്‍ ഇത്തരം കേസുകളില്‍ തുമ്പുണ്ടാക്കുന്നതിനേക്കാള്‍ അവര്‍ക്ക് പ്രധാനം ബീഫ് മണത്തു പിടിക്കലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബക്രീദിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹരിയാനയിലെ മേവത് ജില്ലാ പൊലീസിന് ലഭിച്ച പുതിയ പണിയാണിത്. ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഇവിടുത്തെ കടകളില്‍ നിന്നുള്ള ബിരിയാണി സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുന്ന തിരക്കിലാണ് മേവത് ജില്ലാ പോലീസ്.

ബിരിയാണിക്കായി ഉപയോഗിക്കുന്ന ഇറച്ചിയില്‍ ബീഫുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പോലീസ് ബിരിയാണി സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഇവിടെ ഭക്ഷണശാലകളില്‍ ബീഫ്  വില്‍പ്പന നടത്തുന്നു എന്ന് കാണിച്ച് ഗോ സേവ ആയോഗ് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ബിരിയാണി സാമ്പിളുകള്‍ ശേഖരിക്കാന്‍ പോലീസ് തയ്യാറായത്. ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനമായതിനാല്‍ ഹരിയാനയില്‍ ബീഫ് വില്‍ക്കുന്നത് കുറ്റകരമാണ്.
അതിനാല്‍ മറ്റേതെങ്കിലും രൂപത്തില്‍ ഇത് വില്‍ക്കുന്നുണ്ടോ എന്നറിയാനാണ് പോലീസ് ശ്രമിക്കുന്നത്. ബീഫ് ബിരിയാണി വ്യാപകമായി വില്‍ക്കുന്നു എന്നാണ് പോലീസിന് ലഭിച്ച പരാതികളില്‍ പറയുന്നത്.

പുതിയ നീക്കത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ജോലിചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തിനെതിരെയുള്ള കടന്ന് കയറ്റമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ പരിശോധനകളുമായി മുന്നോട്ട് പോകാനാണ് മേവത് പോലീസിന്റെ തീരുമാനം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved