Latest News :
...
Home » , » ഉബൈദ് മാസ്റ്റര്‍: നന്മ അടയാളപ്പെടുത്തിയ അധ്യാപകന്‍

ഉബൈദ് മാസ്റ്റര്‍: നന്മ അടയാളപ്പെടുത്തിയ അധ്യാപകന്‍

Written By Muhimmath News on Thursday, 8 September 2016 | 10:02

ജീവിതത്തില്‍ കടന്നുപോകുന്ന പലരും പല വിശേഷങ്ങളും വ്യത്യസ്തതകളും ഉണ്ടാവാറുണ്ട്. സ്വാഭാവികമാണ്. എങ്കിലും ചില വ്യക്തികള്‍ നമ്മെ വല്ലാതെ സ്വാധീനിക്കാറുണ്ട്. അങ്ങനെ ഒരു വ്യക്തിയായിരുന്നു കഴിഞ്ഞദിവസം മരണപ്പെട്ട ഉബൈദ് മാസ്റ്റര്‍.

പുഞ്ചിരി സര്‍വ്വര്‍ക്കും വിതറി മുഖത്ത് നന്മയുടെ അടയാളം തീര്‍ത്ത് ഒരേസമയം വിദ്യാര്‍ഥികളുടെയും സഹ പ്രവര്‍ത്തകരുടെയും കൂട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റിയ ഉബൈദ് മാസ്റ്ററുടെ മുഖം മനസ്സില്‍നിന്ന് മായുന്നില്ല.
പുഞ്ചിരിയായിരുന്നു അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്താക്കുന്നത്. മുഖത്ത് കോറിയിട്ട പുഞ്ചിരിപോലെ തന്നെ മനസ്സിലും വിശാലയതയും നന്മയും മാത്രമായിരുന്നു അദ്ദേഹത്തിന്.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ധീരമായ ഇടപെടലുകള്‍ നടത്തിയും സത്യവും ധര്‍മവും കൃത്യമായി പറയാനും പഠിപ്പിക്കാനും അദ്ദേഹം കാണിച്ച ആവേശവും ധീരതയും എടുത്തുപറയേണ്ടതാണ്.

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ക്കാനും ഒരു അധ്യാപകന്‍ എന്നതിലുപരി ആര്‍ജിച്ചെടുത്ത കഴിവുകള്‍ പകര്‍ത്താനും അദ്ദേഹം ഉത്സാഹിച്ചു. അധ്യാപകന്‍ എന്ന നിലയ്ക്ക് മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് വഴികാണിച്ചു കൊടുക്കാനും ഉബൈദ് മാസ്റ്റര്‍ മുന്നില്‍നിന്നു.

ഒന്നിച്ചു ജീവിക്കുമ്പോള്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവരോട് കൃത്യമായി ഇടപെടുകയും പരിഗണിക്കേണ്ടത് പോലെ പരിഗണിക്കുകയും ആദരിക്കേണ്ടതുപോലെ ആദരിക്കുകയും ചെയ്ത് ഈ യുവ അധ്യാപകന്‍ സഹപ്രവര്‍ത്തകരെയോ കൂടെയുളഌവരെയോ ഒരിക്കലും വേദനിപ്പിക്കുന്ന, വിശമിപ്പിക്കുന്ന സംസാരമോ പ്രവര്‍ത്തനമോ വിചാരംപോലും ഉണ്ടായില്ല എന്നാണ് ഒന്നിച്ച് ഇടപഴകുകയും ജോലി ചെയ്യുകയും ചെയ്തവര്‍ ഉെൈബദ് സാറിനെക്കുറിച്ച് പറയുന്ന അനുഭവം.
വര്‍ത്തമാനകാലത്ത് ഇതിലപ്പുറം എന്താണ് ഒരാള്‍ക്ക് സുഹൃത്തുക്കളില്‍നിന്നും കൂടെയുള്ളവരില്‍നിന്നും ലഭിക്കേണ്ട പ്രശംസ.
ഉബൈദ് സാര്‍ എല്ലാം തികഞ്ഞ നന്മയുടെ പ്രതീകമായിരുന്നു എന്നാണ് അഭിപ്രായങ്ങളെല്ലാം നമ്മോട് വിളിച്ചുപറയുന്നത്. 

ഒരു അധ്യാപകന് ഉണ്ടാവേണ്ട സര്‍വ ഗുണങ്ങളും ഒത്തിണങ്ങിയ അദ്ദേഹം വിദ്യാര്‍ഥികളെ സ്വന്തം മക്കളെപ്പോലെ, കൂടപ്പിറപ്പുകളെ പ്പോലെ സ്‌നേഹിച്ചു. സ്‌കൂളിലായാലും മദ്രസയിലായാലും ഉബൈദ് സാറിന്റെ ക്ലാസില്‍പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് പറയാന്‍ അധികം അനുഭവങ്ങളും കഥകളും രസങ്ങളും ഉണ്ട്. 

തന്റെ സമയമാവുമ്പോള്‍ ക്ലാസില്‍ചെന്ന് ഏല്‍പിച്ച വിഷയം പഠിപ്പിക്കുക എന്നത് മാത്രമായിരുന്നില്ല ഉബൈദ് സാര്‍. അദ്ദേഹം വിദ്യാലയത്തിന്റെ ഐശ്വര്യമായിരുന്നു. ഓഫീസിലും ക്ലാസിലും ഭക്ഷണസ്ഥലത്തും ഗ്രൗണ്ടിലും ലൈബ്രറിയിലും സ്‌കൂള്‍ വാഹന വിഷയത്തിലും എല്ലാം ഉബൈദ് സാര്‍ മുന്നിലുണ്ടായിരുന്നു. അധ്യാപനവും മറ്റു കാര്യങ്ങളും സേവനമായിട്ടാണ് അദ്ദേഹം കണ്ടത്. 
വിദ്യാലയവും വിദ്യാര്‍ഥികളും കുറ്റമറ്റതാക്കാനും മികവ് പുലര്‍ത്താനും ഉബൈദ് സാര്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. 

വിദ്യാര്‍ഥികള്‍ക്ക് വിദ്യനുകരുമ്പോള്‍തന്നെ സ്വന്തം പഠിക്കാനും അദ്ദേഹത്തിന് ഉത്സാഹമായിരുന്നു. സാറിന്റെ അടുത്തുചെല്ലുമ്പോഴെല്ലാം ധാരാളം കനപ്പെട്ട പുസ്തകങ്ങള്‍ കാണാറുണ്ടായിരുന്നു. 
'ഞാന്‍ വായിച്ചു പഠിക്കട്ടെ...' എന്നാണ് അദ്ദേഹം അതേക്കുറിച്ച് പറയാറ്. സ്‌കൂളിലേക്കും മദ്‌റസയിലേക്കും വിദ്യാര്‍ഥികളുടെ മത്സരവും മറ്റു വിഷയങ്ങളുമായി ഞങ്ങള്‍ക്ക് പലപ്പോഴും പോകേണ്ടിവന്നപ്പോഴെല്ലാം അവിടുത്തെ അധികാരികള്‍ പറയാറ് ഒരേ മറുപടിയാണ്. 'ഉബൈദ് സാറിനെ ഏല്‍പിച്ചാല്‍ മതി' എന്നാണ്.
പിന്നീട് ഇതു സംബന്ധമായി ഞങ്ങള്‍ സാറിനെ സമീപിച്ചാല്‍ എല്ലാം കൃത്യമായി ചെയ്തുവെച്ചിരിക്കും. 

വിദ്യാര്‍ഥികളെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ സ്‌നേഹിച്ച് ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്തുതീര്‍ത്ത് പുഞ്ചിരി സദാ വിതറിയ പ്രിയപ്പെട്ട ഉബൈദ് മാസ്റ്റര്‍ നിങ്ങള്‍ ഇവിടെ ബാക്കിവെച്ച നന്മ ഒരിക്കലും അസ്തമിക്കുന്നില്ല. അങ്ങ് പകര്‍ന്നുതന്ന വിദ്യയുടെ വെളിച്ചം എല്ലായിടത്തും പാറിപ്പറക്കുന്നു.
ഒരായിരം ചുണ്ടുകള്‍ പുഞ്ചിരിച്ചാലും നിങ്ങളുടേത് ആവില്ല. എങ്കിലും നിങ്ങളെ പകര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കാം. 

റബ്ബ് സ്വര്‍ഗത്തില്‍ ഒന്നിക്കാന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ.. ആമീന്‍..

-കെ.എം. കളത്തൂര്‍
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved