Latest News :
Home » , , , , » കണ്ണൂരില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരണപ്പെട്ടു

കണ്ണൂരില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരണപ്പെട്ടു

Written By Muhimmath News on Thursday, 29 September 2016 | 12:56

കണ്ണൂര്‍/തളിപ്പറമ്പ്: കണ്ണൂരിലും തളിപ്പറമ്പിലും വ്യാഴാഴ്ച കാലത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു.
കണ്ണൂര്‍ താഴെചൊവ്വയില്‍ പിതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥിനിയാണ് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിടിച്ച് മരിച്ചത്. തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ ടയര്‍ ഊരിത്തെറിച്ചാണ് മദ്രസ വിദ്യാര്‍ത്ഥിനി മരിച്ചത്.
കണ്ണൂര്‍ എസ് എന്‍ കോളേജിലെ മൂന്നാംവര്‍ഷ ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിനി കാഞ്ഞിരോട് തലമുണ്ടയിലെ പാറക്കണ്ടി ഹൗസില്‍ പി ആതിര (20)യാണ് ബസിടിച്ച് മരിച്ചത്.

രാവിലെ ഒമ്പതരയോടെ താഴെ ചൊവ്വ ജംഗ്ഷനിലായിരുന്നു അപകടം. പിതാവ് ഹരീഷിനൊപ്പം കെ എല്‍ 13 എ ഡി 3221 നമ്പര്‍ സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകവെ കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കെ എല്‍ 11 എ പി 6399 നമ്പര്‍ ഒമേഗ ബസ്സ് സ്ൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ആതിരയുടെ ശരീരത്തിലൂടെ അതേ ബസ് കയറിയിറങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ തല പൂര്‍ണമായും ചതഞ്ഞരഞ്ഞ നിലയിലാണ്. 

ഇടതുഭാഗത്തേക്ക് തെറിച്ചുവീണതിനാല്‍ പിതാവ് ഹരീഷിന് ഗുരുതരമായി പരിക്കേറ്റില്ല. ഹരീഷിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടമുണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ബസ്സിന് നേരെ അക്രമം നടത്തി. 

ബസിന്റെ മുഴുവന്‍ ഗ്ലാസുകളും അടിച്ച് തകര്‍ക്കുകയും ടയറുകളുടെ കാറ്റഴിച്ച് വിടുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചതിനാല്‍ ഒന്നരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. എസ് പി അടക്കമുള്ളവരെത്തി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് 11മണിയോടെ സമരം അവസാനിപ്പിക്കുകായായിരുന്നു.

തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ടിലെ അഷ്‌റഫിന്റെ മകള്‍ ഹന്ന ഫാത്തിമ എന്ന എട്ടുവയസുകാരിയാണ് രാവിലെ 8.30 ഓടെ വാനിന്റെ പിന്‍വശത്തെ ടയര്‍ ഊരിത്തെറിച്ച് മരിച്ചത്. 

പൊക്കുണ്ട് ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും ക്ലാസ് കഴിഞ്ഞു പോവുകയായിരുന്നു ഹന്നയുടെയും കൂടെയുണ്ടായിരുന്ന ഹഫ്‌സീന(8) യുടെയും ദേഹത്തേക്ക് ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹന്നയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഹഫ്‌സീനയുടെ നില ഗുരുതരമാണ്.

ഇരിക്കൂര്‍ സ്വദേശിയും പൊക്കുണ്ടില്‍ താമസക്കാരനുമായ അഷ്‌റഫിന്റെയും റഷീദയുടെയും മകളാണ് ഹന്ന ഫാത്തിമ. മൂന്നു സഹോദരങ്ങളുണ്ട്. കൂനം യു പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ ഖബറടക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved