Latest News :
Home » , » മൃതദേഹം ആംബുലന്‍സില്‍ കയറ്റിയില്ല; മക്കള്‍ ബൈക്കില്‍ അമ്മയുടെ മൃതദേഹമെത്തിച്ചു

മൃതദേഹം ആംബുലന്‍സില്‍ കയറ്റിയില്ല; മക്കള്‍ ബൈക്കില്‍ അമ്മയുടെ മൃതദേഹമെത്തിച്ചു

Written By Muhimmath News on Thursday, 1 September 2016 | 11:36

ഭോപ്പാല്‍: ആംബുലന്‍സ് കിട്ടാതെ വന്നപ്പോള്‍ മരണ ശയ്യയില്‍ കിടന്നിരുന്ന അമ്മയെ 12 കിലോമീറ്റര്‍ ദൂരെയുള്ള ആശുത്രിയിലേക്ക് മക്കള്‍ കൊണ്ട് പോയത് ബൈക്കില്‍. രോഗം മൂര്‍ഛിച്ച അമ്മ യാത്രക്കിടയില്‍ തന്നെ മരിച്ചു. മധ്യപ്രദേശിലെ സിയോണി ജില്ലയിലെ ഉലട്ട് ഗ്രാമത്തിലാണ് സംഭവം. പാര്‍വത ഭായി എന്ന വയോധികയാണ് മരിച്ചത്. ആരോഗ്യനില വഷളായതോടെ ഇവരെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് അന്വേഷിച്ചെങ്കിലും കിട്ടിയില്ല.

ഇതോടെ മക്കള്‍ അമ്മയെ ബൈക്കിനു നടുക്കിരുത്തി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ പാര്‍വത ഭായി മരിച്ചു. ആശുപത്രിയില്‍ നിന്ന് തിരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനായി ആശുപത്രി അധികൃതര്‍ സഹായിച്ചു. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് അനുവദിച്ചു. എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍ മൃതദേഹം ഉലട്ടയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ല..

മക്കള്‍ അമ്മയുടെ മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിച്ച് തരണമെന്ന് ഡ്രൈവറോട് കെഞ്ചിപ്പറഞ്ഞിട്ടും ഇയാള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് തിരിച്ച് മൃതദേഹവുമായി ഇവര്‍ ബൈക്കില്‍ തന്നെ നാട്ടിലേക്ക് പോരുകയായിരുന്നു.

മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാഞ്ഞിട്ടാണ് ഇത് ചെയ്യേണ്ടിവന്നതെന്ന് ഇവര്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ വലിയ പ്രതിഷേധമുണ്ടായെങ്കിലും അയാള്‍ മൃതദേഹം കൊണ്ടുപോകാനാവില്ലെന്ന് തറപ്പിച്ച് പറയുകയായിരുന്നു. ഓഡീഷയില്‍ ആംബുലന്‍സ് ലഭിക്കാതെ വന്നതിനാല്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി 10 കിലോമീറ്റര്‍ മകളൊടൊപ്പം നടക്കേണ്ടിവന്ന ഭര്‍ത്താവിന്റെ അവസ്ഥ രാജ്യത്തെ കണ്ണീരണിയിച്ചതാണ്. ശേഷം ഉത്തര്‍ പ്രദേശില്‍ പത്തു വയസുകാരന് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അച്ഛന്റെ തോളില്‍ കിടന്ന് മകന്‍ മരിച്ച സംഭവവും കഴിഞ്ഞ ദിവസം നടന്നിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved