Latest News :
Home » , , » കാസര്‍കോട് മെഡിക്കല്‍ കോളേജ് ഭൂമി കൈയ്യേറി കെട്ടിയ കുടിലുകള്‍ നീക്കം ചെയ്തു

കാസര്‍കോട് മെഡിക്കല്‍ കോളേജ് ഭൂമി കൈയ്യേറി കെട്ടിയ കുടിലുകള്‍ നീക്കം ചെയ്തു

Written By Muhimmath News on Friday, 23 September 2016 | 10:21

ബദിയഡുക്ക: ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് ഭൂമി കൈയ്യേറി കെട്ടിയ കുടിലുകള്‍ റവന്യു അധികൃതര്‍ നീക്കം ചെയ്തു. ബദിയഡുക്ക വില്ലേജില്‍പ്പെട്ട സര്‍വേ നമ്പര്‍ 1029/പാര്‍ട്ടില്‍പ്പെട്ട മുപ്പതു സെന്റ് സ്ഥലത്ത് ഒരു മാസം മുമ്പ് കെട്ടിയ കുടിലുകളാണു ബദിയഡുക്ക പോലീസിന്റെ സഹായത്തോടെ റവന്യു അധികൃതര്‍ പൂര്‍ണമായും നീക്കംചെയ്തത്. 

ഒരു മാസം മുമ്പാണ് ചിലര്‍ കുടില്‍ കെട്ടി സര്‍ക്കാര്‍ സ്ഥലം കൈയേറിയത്. ഇതുസംബന്ധിച്ചു നാട്ടുകാരില്‍ ചിലര്‍ ഭൂമി കയ്യേറിയതു സംബന്ധിച്ചു റവന്യു അധികൃതര്‍ക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബദിയഡുക്കയിലെ ഒരു സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുടിലുകള്‍ നീക്കം ചെയ്യുന്നത് തടസപ്പെടുത്തിയിരുന്നു. കെട്ടിയ കുടിലുകള്‍ ജെസിബി ഉപയോഗിച്ചു നീക്കംചെയ്‌തെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതിനാല്‍ ഒഴിപ്പിക്കലില്‍ നിന്നും റവന്യു അധികൃതര്‍ പിന്തിരിയുകയായിരുന്നു. 

അതിനിടെ ചിലര്‍ പണം വാങ്ങി കുടില്‍ കെട്ടിനു നേതൃത്വം നല്‍കിയ സംഭവം പുറത്തായതോടെ സര്‍ക്കാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി സിപിഐ, എഐവൈഎഫ് സംഘടനകള്‍ രംഗത്തു വരികയായിരുന്നു.

സംഭവം റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നു ജില്ലാ കളക്ടര്‍ക്കു സര്‍ക്കാര്‍ ഭൂമി കൈയേറ്റം 20നു മുമ്പായി ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തടര്‍ന്ന് റവന്യു അധികൃതരടങ്ങുന്ന സംഘം പൊലീസിന്റെ സഹായത്തോടെ വ്യാഴാഴ്ച ഉച്ചയോടെ ഉക്കിനടുക്കയിലെത്തി സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിയ കുടിലുകള്‍ പൂര്‍ണമായും നീക്കം ചെയ്യുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved