Latest News :
Home » , » നാദാപുരത്ത് യൂത്ത്‌ലീഗ് പ്രകടനത്തിനിടെ സംഘര്‍ഷം; എം എസ് എഫ് പ്രവര്‍ത്തകനു വെട്ടേറ്റു, പോലീസ് ലാത്തിവീശി

നാദാപുരത്ത് യൂത്ത്‌ലീഗ് പ്രകടനത്തിനിടെ സംഘര്‍ഷം; എം എസ് എഫ് പ്രവര്‍ത്തകനു വെട്ടേറ്റു, പോലീസ് ലാത്തിവീശി

Written By Muhimmath News on Wednesday, 28 September 2016 | 09:56

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലം വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലാച്ചിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ സംഘര്‍ഷം. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി. ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിച്ചു. 

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം. കല്ലാച്ചി ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കുമ്മങ്കോട് റോഡ് പരിസരത്ത് എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനത്തിനിടെ അസ്ലം ഫോര്‍ ജസ്റ്റിസ് എന്ന പ്ലക്കാര്‍ഡുമായി ഒരു വിഭാഗം പ്രകടനത്തില്‍ കയറി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ നേതാക്കള്‍ ഇവരെ പ്രകടനത്തില്‍ നിന്ന് പുറത്താക്കി. 

ഇതിനിടെ നാദാപുരം സിഐ ജോഷി ജോസും സംഘവും സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ കല്ലേറുണ്ടായി. എണ്ണത്തില്‍ കുറവായ പോലീസ് അക്രമികളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സിപിഎം ഓഫീസ് പരിസരത്തേക്ക് പോകാനുളള യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ശ്രമം നേതാക്കളിടപെട്ട് ഏറെ പരിശ്രമിച്ചാണ് തടഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ഡിവൈഎസ്പിയും സംഘവും കൂട്ടുകൂടി നിന്ന ലീഗ് പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനിടയില്‍ മാര്‍ക്കറ്റ് റോഡില്‍ വച്ച് പോലീസിന് നേരെ അക്രമം ഉണ്ടാവുകയായിരുന്നു. 

രാത്രി ഏഴോടെ ഗ്രാമ പഞ്ചായത്ത് മെംബര്‍ നജ്മ ബീവിയുടെ മകന്‍ നിഹാലിന്(19) വെട്ടേറ്റു. പുറത്തു കാലിനും പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്തിയേരി വിളക്കോട്ടുര്‍ സ്വദേശികളായ പുതുക്കോട്ടുമ്മല്‍ പ്രിന്‍സ് ലാല്‍(22) പുതുവയല്‍ വീട്ടില്‍ സിംനേഷ് (23) എന്നിവരെ കല്ലാച്ചി ലീഗ് ഓഫീസ് പരിസരത്ത് വച്ച് അക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തു.  പോലീസുമായുളള സംഘര്‍ഷത്തിനിടയിലുണ്ടായ കല്ലേറില്‍ ലീഗ് നേതാവ് ചാമക്കാലില്‍ അബൂബക്കര്‍ (38) പരിക്കേറ്റു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved