Latest News :
Home » , » എന്‍ഡിഎ കേരളഘടകം പുന:സംഘടിപ്പിച്ചു; തുഷാര്‍ വെള്ളാപ്പള്ളി കണ്‍വീനര്‍

എന്‍ഡിഎ കേരളഘടകം പുന:സംഘടിപ്പിച്ചു; തുഷാര്‍ വെള്ളാപ്പള്ളി കണ്‍വീനര്‍

Written By Muhimmath News on Monday, 26 September 2016 | 17:38



കോഴിക്കോട്: എന്‍ഡിഎ കേരള ഘടകം ചെയര്‍മാനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ നിയമിച്ചു. കേരളത്തിലെ എന്‍ഡിഎയുടെ പുന:സംഘടനയുടെ ഭാഗമായിട്ടാണ് നിയമനം. രാജീവ് ചന്ദ്രശേഖര്‍ എംപിയാണ് വൈസ് ചെയര്‍മാന്‍. കണ്‍വീനറായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും തെരഞ്ഞെടുത്തു.

ഘടകകക്ഷികളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. കുമ്മനം രാജശേഖരനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള എന്‍ഡിഎയുടെ ദേശീയ പ്രതിനിധിയായി കേരളാ കോണ്‍ഗ്രസ് (തോമസ്) വിഭാഗം ചെയര്‍മാന്‍ പി സി തോമസിനെ തെരഞ്ഞെടുത്തു. ജെആര്‍എസ് നേതാവ് സി കെ ജാനു, ജെഎസ്എസ് നേതാവ് രാജന്‍ ബാബു, ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് രാജന്‍ കണ്ണാട്ട് എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായി നിയമിച്ചു.

ഒ രാജഗോപാല്‍ എംഎല്‍എ, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ്, സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി പ്രസിഡന്റ് വി വി രാജേന്ദ്രന്‍, നാഷണലിസ്റ്റ് പാര്‍ട്ടി സെക്രട്ടറി കെ കെ പൊന്നപ്പന്‍, ബിഡിജെഎസ് നേതാക്കളായ ബി സുരേഷ് ബാബു, വി ഗോപകുമാര്‍, സുനില്‍ തെക്കേടത്ത് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ബിജെപി വാഗ്ദാനം നല്‍കിയ സ്ഥാനങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബിഡിജെഎസിനെ ജനങ്ങള്‍ കഴുതയായി കണ്ടാല്‍ അതിന്റെ ഉത്തരവാദിത്വം ബിജെപിക്ക് ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട വെള്ളാപ്പള്ളി അദ്ദേഹത്തെ പ്രകീര്‍ത്തിച്ചും രംഗത്തെത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved