Latest News :
Home » » അന്യസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ടിടിച്ച് കൊന്ന നുള്ളിപ്പാടി സ്വദേശി അറസ്റ്റില്‍

അന്യസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ടിടിച്ച് കൊന്ന നുള്ളിപ്പാടി സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Monday, 5 September 2016 | 11:18

കാസര്‍കോട്: ഗുണ്ടാപ്പണം നല്‍കാത്തതിന്റെ പേരില്‍ അന്യസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ടിടിച്ച് കൊന്ന നുള്ളിപ്പാടി സ്വദേശി അറസ്റ്റിലായി. കര്‍ണാടക ഷിമോഗ സ്വദേശിയായ ശരണപ്പയെ (39) കരിങ്കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നുള്ളിപ്പാടി ചെന്നിക്കരയിലെ എന്‍ മണിയെ (37) യാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

നുള്ളിപ്പാടി മസ്ജിദിന് സമീപത്തെ കടവരാന്തയില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ മണി കല്ലുകൊണ്ട് ശരണപ്പയുടെ നെഞ്ചത്ത് ഇടിക്കുകയായിരുന്നു. ബോധരഹിതനായി വീണ ശരണപ്പയെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. 

അഞ്ച് മാസം മുമ്പ് ജോലി തേടി കാസര്‍കോട്ടെത്തിയ ശരണപ്പ കടവരാന്തകളിലാണ് ഉറങ്ങിയിരുന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് നുള്ളിപ്പാടിയിലെ കടവരാന്തയില്‍ സഹതൊഴിലാളികള്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ നിരവധി കേസുകളില്‍ പ്രതിയായ മണി ഗുണ്ടാ പിരിവ് ആവശ്യപ്പെടുകയായിരുന്നു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ കണ്ണില്‍ കണ്ടവരെയെല്ലാം മണി മര്‍ദിച്ചു. ഇതിനിടയില്‍ അടിയേറ്റ് നിലത്തുവീണ ശരണപ്പയുടെ നെഞ്ചിന് മണി കല്ലുകൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണിയെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തശേഷം ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved