Latest News :
Home » » കശ്മീരില്‍ പെല്ലറ്റ് അക്രമണത്തില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

കശ്മീരില്‍ പെല്ലറ്റ് അക്രമണത്തില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

Written By Muhimmath News on Saturday, 17 September 2016 | 20:38

ശ്രീനഗര്‍: പ്രക്ഷോഭം തുടരുന്ന കശ്മീരില്‍ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കശ്മീരിലെ ഹര്‍വാനില്‍ നടന്ന പ്രതിഷേധ റാലിക്കുനേരെ സുരക്ഷാ സേന നടത്തിയ പെല്ലറ്റ് ആക്രമണത്തിലാണ് മുഅ്മിന്‍ അല്‍താഫ് എന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. പെല്ലറ്റ് ചീളുകളേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ വെള്ളിയാഴ്ച രാത്രിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ നിശ്ചിത അകലത്തില്‍ നിന്നുകൊണ്ട് വെടിയുതിര്‍ക്കുന്നതിനാല്‍ മരണകാരണം പെല്ലറ്റ് പ്രയോഗമല്ലെന്നാണ് പൊലീസ് വിശദീകരണം.

തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാസിത് മുക്താര്‍ എന്ന യുവാവും ഇന്നലെ മരണപ്പെട്ടിരുന്നു. ഹിസ്ബ് നേതാവ് ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ജൂലൈ എട്ടിന് ശേഷം താഴ്വരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 80 ആയി. വിഘടനവാദികള്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭം സെപ്റ്റംബര്‍ 22 വരെ നീട്ടിയിട്ടുമുണ്ട്.

അതിനിടെ കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ജമ്മു കശ്മീര്‍ സിവില്‍ സൊസൈറ്റി കോര്‍ഡിനേറ്ററും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഖുറം പര്‍വേസിനെ കുപ്‌വാര ജയിലിലേക്ക് മാറ്റി. ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ട ഖുറത്തിനെ ബുധനാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved