Latest News :
Home » » പെരഡാല ക്ഷേത്രക്കവര്‍ച്ച: കൊലക്കേസ് പ്രതി അറസ്റ്റില്‍

പെരഡാല ക്ഷേത്രക്കവര്‍ച്ച: കൊലക്കേസ് പ്രതി അറസ്റ്റില്‍

Written By Muhimmath News on Thursday, 1 September 2016 | 18:05

ബദിയടുക്ക: പെരഡാലയിലെ ഉദനേശ്വര ക്ഷേത്രത്തില്‍ ഓടിളക്കി അകത്ത് കടന്ന് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. പെരഡാല ശാന്തിപ്പള്ളയിലെ വെങ്കപ്പ നായകാ(27)ണ് അറസ്റ്റിലായത്. ബദിയടുക്ക എസ്.ഐ. എ. ദാമോദരന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ ബേക്കല്‍ കോട്ടക്ക് സമീപത്ത് വെച്ചാണ് വെങ്കപ്പയെ അറസ്റ്റ് ചെയ്തത്.

2011ല്‍ മദ്യലഹരിയില്‍ അമ്മ കമലയെ വെട്ടിക്കൊന്ന കേസിലെ പ്രതിയിരുന്നു വെങ്കപ്പ നായക്. തെളിവുകളുടെ അഭാവത്തില്‍ 2014ല്‍ കോടതി വിട്ടു. പിന്നീട് തമിഴ്‌നാട് തിരിച്ചിറപ്പള്ളിയില്‍ താമസിച്ച് വരികയായിരുന്നു. ആഗസ്ത് 26നാണ് വീണ്ടും നാട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബസ്സ്റ്റാന്റില്‍ വെങ്കപ്പ നായക് കിടക്കുന്നത് ചിലര്‍ കണ്ടിരുന്നു. ഞായറാഴ്ച രാത്രിയാണ് പെരഡാല ഉദനേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാവിലെ വെങ്കപ്പ നായകിനെ ഒരു പൊതിയുമായി നടന്നുപോകുന്നത് ചിലര്‍ കണ്ടിരുന്നുവത്രെ.

ക്ഷേത്ര കവര്‍ച്ച നടന്നതറിഞ്ഞ നാട്ടുകാരില്‍ ചിലര്‍ ഈ വിവരം പൊലീസിന് കൈമാറിയിരുന്നു. താടിയും മുടിയും നീട്ടിവളര്‍ത്തിയിരുന്ന വെങ്കപ്പ കവര്‍ച്ചക്ക് ശേഷം തല മൊട്ടയടിച്ചതായി പൊലീസ് പറഞ്ഞു. താടിയും എടുത്തിരുന്നു. തിരിച്ചറിയാതിരിക്കാനാണിതെന്നാണ് പൊലീസ് കരുതുന്നത്. വെങ്കപ്പയുടെ കൈവശം സൂക്ഷിച്ച 38,000 രൂപ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ശ്രീകോവിലിന് പുറത്തെ ചുറ്റമ്പലത്തില്‍ ഉണ്ടായിരുന്ന ആറ് ഭണ്ഡാരപ്പെട്ടികളിലെ പണമാണ് കവര്‍ന്നത്. ക്ഷേത്രത്തിന് പിറക് വശത്തെ ചുവരിലൂടെ കയറി ഓടിളക്കി മാറ്റിയാണ് അകത്തേക്ക് കടന്നതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved