Latest News :
Home » , » ആര്‍.എസ്.എസിനെ നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയ ശാസ്ത്രമെന്ന് പിണറായി വിജയന്‍

ആര്‍.എസ്.എസിനെ നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയ ശാസ്ത്രമെന്ന് പിണറായി വിജയന്‍

Written By Muhimmath News on Friday, 23 September 2016 | 18:04

കോഴിക്കോട്: ആര്‍.എസ്.എസിനെ നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പോലെ നിലകൊള്ളുന്ന സംഘടനയല്ല. സാംസ്‌കാരിക സംഘടന എന്ന ലേബലില്‍ വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്നുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. മറ്റാര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ ആര്‍.എസ്.എസ് തയാറാകുന്നില്ലെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തെ അക്രമങ്ങളുടെ നാടായിചിത്രീകരിക്കാനും കുപ്രചാരണങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിച്ച് ഭരണഘടനാവിരുദ്ധ വഴിയിലൂടെ ഇടതുപക്ഷത്തിനെതിരായ പടയൊരുക്കം നടത്താനും കേന്ദ്ര ഭരണ കക്ഷിയും അതിനെ നയിക്കുന്ന ഭരണഘടനാ ബാഹ്യശക്തിയായ ആര്‍.എസ്.എസും തയാറാകുന്ന അനുഭവമാണ് കഴിഞ്ഞ കുറെ നാളുകളിലായി ഉണ്ടാകുന്നത്.

കണ്ണൂര്‍ ജില്ലയെ തെറ്റായി ചിത്രീകരിച്ചു നടത്തുന്ന പ്രചാരണം അതിന്റെ ഭാഗമാണ്. ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ തമ്മില്‍ ഭിന്നതയും തര്‍ക്കങ്ങളും സാധാരണ ഗതിയില്‍ ഉണ്ടാകാറുണ്ട്. ആര്‍.എസ്.എസ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പോലെ നിലകൊള്ളുന്ന സംഘടനയല്ല. സാംസ്‌കാരിക സംഘടന എന്ന ലേബലില്‍ വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘടനയാണത്. അതിനെ നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്. മറ്റാര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ ആര്‍.എസ്.എസ് തയാറാകുന്നില്ല. അവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ കാടന്‍ നിയമങ്ങളും മത വിദ്വേഷവും അപരിഷ്‌കൃതമായ ചിന്തകളും അടിച്ചേല്‍പ്പിക്കുന്ന ആര്‍.എസ്.എസ് ആണ് കേരളത്തില്‍, വിശേഷിച്ച് കണ്ണൂര്‍ ജില്ലയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്.

മത നിരപേക്ഷതയിലും സമാധാനത്തിലും വിശ്വസിക്കുന്ന മഹാഭൂരിപക്ഷം ഹിന്ദുക്കളും ആര്‍.എസ്.എസിനെ അംഗീകരിക്കുന്നില്ല. മത നിരപേക്ഷ ചിന്തകള്‍ക്ക് ശക്തമായ അടിത്തറയുള്ള കേരളീയ സമൂഹത്തില്‍ നുഴഞ്ഞുകയറി കുഴപ്പം സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസിന്റെ ശ്രമങ്ങള്‍ ജാഗ്രതയോടെ ചെറുക്കുന്നത് കേരളത്തിലെ ഇടതുപക്ഷമാണ്. അത് തിരിച്ചറിഞ്ഞാണ്, ഇടതുപക്ഷത്തെയും അതിനെ നയിക്കുന്ന സിപിഐ എമ്മിനെയും തകര്‍ക്കാന്‍ കേന്ദ്ര ഭരണാധികാരത്തിന്റെ സൗകര്യങ്ങളടക്കം ദുരുപയോഗിച്ച് ആര്‍എസ്എസ് ശ്രമിക്കുന്നത്.

മതവിശ്വാസത്തിന്റെയും മതവികാരത്തിന്റെയും മറവില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ഒരു ശ്രമവും അംഗീകരിക്കാനാവില്ല. വര്‍ഗീയനീക്കങ്ങളെ തുറന്നുകാട്ടുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ മത നിരപേക്ഷ ശക്തികള്‍ ശക്തമായി ഏറ്റെടുത്തത് ആര്‍എസ്എസിനെ കൂടുതല്‍ അസ്വസ്ഥമാക്കിയിരിക്കുന്നു. ശ്രീനാരായണ ഗുരുവടക്കമുള്ള നവോത്ഥാന നായകരെ വര്‍ഗീയതയുടെ പരിവേഷമണിയിക്കാനുള്ള ശ്രമവും കേരളം ശക്തിയുക്തം എതിര്‍ത്തു തോല്‍പിക്കുകയായിരുന്നു. അത്തരം പരാജയങ്ങളില്‍ നിന്നുടലെടുത്ത വിഭ്രാന്തിയാണ്, തങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല എന്ന വ്യാജ പ്രചാരണത്തിലേക്ക് ആര്‍.എസ്.എസിനെ നയിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved