Latest News :
Home » , , , » മുന്‍ മന്ത്രി കെ .ബാബുവി ന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

മുന്‍ മന്ത്രി കെ .ബാബുവി ന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

Written By Muhimmath News on Saturday, 3 September 2016 | 12:13

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട് മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റേയും അദ്ദേഹത്തിന്റെ മക്കളുടേയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. 

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്. യുഡിഎഫ് സര്‍ക്കാറില്‍ എക്‌സൈസ് മന്ത്രിയായ ബാബുവിനെതിരെ ബാര്‍കോഴ കേസില്‍ വിജിലന്‍സ് ത്വരിതാനേഷണം നടത്തിയിരുന്നു.
ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിന്പുറമെ പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചിരിക്കുന്ന പാലാരിവട്ടത്തെയും തൊടുപുഴയിലെയും വീടുകളിലും കൂടാതെ അദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ ബാബുറാം, തൃപ്പൂണിത്തറയിലെ റോയല്‍ ബേക്കേഴ്‌സ് ഉടമ മോഹനന്‍ എന്നിവരുടെ കുമ്പളത്തെയും പനങ്ങാട്ടെയും വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. കെ ബാബുവിനോപ്പം ഇവരും കേസില്‍ പ്രതിപട്ടികയിലുണ്ട്. റെയ്ഡ് നടക്കുമ്പോള്‍ കെ ബാബു വീട്ടിനുള്ളില്‍ ഉണ്ട്. ബാബുവിനെ വിശദമായി ചോദ്യം ചെയ്യും.

ബാബുവിന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിലടക്കം മൊത്തം ഏഴിടത്തായാണ് റെയ്ഡ് നടക്കുന്നത്. വിജിലന്‍സിന്റെ അഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ മുതല്‍ തുടങ്ങിയ റെയ്ഡില്‍ പങ്കെടുക്കുന്നത്. റെയ്ഡിന് മുന്നോടിയായി ബാബുവിന്റെ സ്വത്തുവകകളെ സംബന്ധിച്ച് വിജിലന്‍സ് ചില പരിശോധനകള്‍ നടത്തിയിരുന്നു. ബാബു മന്ത്രിയായതിനുശേഷം ഇവരുടെ സ്വത്തില്‍ അസ്വാഭാവികമായി വളര്‍ച്ചയുണ്ടായെന്നാണ് പരാതി.

ബാറുടമകള്‍ക്ക് ലൈസന്‍സ് അനുവദിച്ച് നല്‍കാമെന്ന പേരില്‍ കോടിക്കണക്കിന് രൂപ ബാബു കൈപ്പറ്റിയെന്ന് ബാറുടമ ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരെ ഇടനിലക്കാരാക്കി അദ്ദേഹം പല ബിനാമി ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയുണ്ടായി. ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്‌സൈസ് കമ്മീഷണറില്‍ നിന്ന് എടുത്തുമാറ്റിയത് അഴിമതി നടത്താനാണെന്നും ആരോപണമുയര്‍ന്നിരുന്നു.

ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആദ്യം കേസെടുത്തത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് ബാബുവിനെതിരായ കേസ് അവസാനിപ്പിക്കുകയായിരുന്നു. ബാര്‍കോഴ കേസില്‍ ബാബുവിനെതിരെ ബാറുടമയും വ്യവസായിയുമായ വി.എം.രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ മൊഴി നല്‍കിയിരുന്നു. ലൈസന്‍സ് അനുവദിക്കുന്നതിന് പണപ്പിരിവ് നടത്തിയതിന്റെ തെളിവുകളാണ് നല്‍കിയിരുന്നത്. ബാര്‍ക്കോഴക്കേസിന്റെ കരിനിഴലില്‍പ്പെട്ട ബാബു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സിപിഎമ്മിലെ എം.സ്വരാജിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved