Latest News :
Home » , , » ചുവന്ന മഷി പുരട്ടി ആക്രമിച്ചെന്ന് പറയുന്നത് അപഹാസ്യം: മുഖ്യമന്ത്രി

ചുവന്ന മഷി പുരട്ടി ആക്രമിച്ചെന്ന് പറയുന്നത് അപഹാസ്യം: മുഖ്യമന്ത്രി

Written By Muhimmath News on Tuesday, 27 September 2016 | 11:25

തിരുവവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഭവങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. 

ചുവന്ന മഷി ഷര്‍ട്ടില്‍ പുരട്ടിയ ശേഷം ആക്രമിച്ചു എന്ന് പറയുന്നത് അപഹാസ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറുപടി പറയുന്നത് കേള്‍ക്കാന്‍ അണികളെ പഠിപ്പിക്കണമെന്നും പിണറായി പറഞ്ഞു. സ്വാശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്ത സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രസ്താവനയെ തുടര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷവും വാക്കേറ്റമുണ്ടായി. സ്വാശ്രയ കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല. ആരൊക്കെ എന്തൊക്കെ ബഹളം ഉണ്ടാക്കിയാലും പറയാനുള്ളത് പറയും. നിയമസഭയില്‍ ബാനറുകളുമായി വരുന്നത് കാമറകളുടെ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ്. തന്നെ കരിങ്കൊടി കാണിച്ചത് ഏതോ ചാനലുകാര്‍ വാടകക്കെടുത്തവരാണെന്നും പിണറായി പറഞ്ഞു. സമരത്തില്‍ പ്രകോപനം ഉണ്ടാക്കിയത് യൂത്ത് കോണ്‍ഗ്രസുകാരാണ്. അവര്‍ക്കൊപ്പം തെരുവിലിറങ്ങാതെ ചര്‍ച്ച നടത്താനാണ് എം.എല്‍.എമാരെ പഠിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം കൂടുതല്‍ പ്രകോപിതരായി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.

തെരുവില്‍ സംസാരിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ സഭാനടപടികളുമായി സഹകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഭീകര നരനായാട്ടാണ് പോലീസ് നടത്തിയത്. സമരത്തെ ചോരയില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ട. അന്തസുള്ള സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ ഫീസ് വര്‍ധനക്കതിരെ പ്രതിപക്ഷം ബഹളതുടങ്ങിയിരുന്നു. സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫി പറമ്പലിലാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. ചോദ്യോത്തരവേള തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. സ്പീക്കര്‍ ചോദ്യോത്തര നടപടികളുമായി മുന്നോട്ട് പോയി. കഴിഞ്ഞ ദിവസവും ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved