Latest News :
Home » , » സേവകര്‍ ധാര്‍മ്മികതയുടെ സത്യസാക്ഷികളാവുക: കാന്തപുരം

സേവകര്‍ ധാര്‍മ്മികതയുടെ സത്യസാക്ഷികളാവുക: കാന്തപുരം

Written By Muhimmath News on Friday, 16 September 2016 | 18:39



അസീസിയ്യ: സഹജീവികള്‍ക്ക് സേവനവും സാന്ത്വനവും അവസാനിപ്പിക്കുവാന്‍ കഴിയാത്തതാണെന്നും നിഷ്‌കളങ്ക സേവനത്തിലൂടെ ധാര്‍മ്മികതയുടെ സത്യസാക്ഷികളായി മാറാന്‍ സേവകര്‍ പരിശ്രമിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു. രിസാലസ്റ്റഡിസര്‍ക്കിള്‍സൗദി നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ ഹാജിമാരെ സഹായിക്കുവാന്‍ എത്തിയ വളണ്ടിയര്‍മാരെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതവിശുദ്ധി കൈവരിച്ചു തിരിച്ചു പൊകുന്ന അല്ലാഹുവിന്റെ വിരുന്നുകാര്‍ക്ക് ആശ്വാസമേകുന്ന രീതിയില്‍ സഹായങ്ങള്‍ നല്കുവാനുള്ള അവസരം ലഭിച്ചത് വളരെ ഭാഗ്യമാണെന്നും നമ്മുടെ ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമായി ഇതിനെ കാണണെമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാചകര്‍ ജനിക്കുന്നതിന്റെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ രാജ്യത്തെ പിടിച്ചെടുക്കുവാന്‍ ശത്രുക്കള്‍ ശ്രമിച്ചതാണെന്നും രണ്ട് വിശുദ്ധ ഹറമുകള്‍ ഉള്‍ക്കൊള്ളുന്ന ഈ രാജ്യത്തിനു അല്ലാഹു പ്രത്യേകം സംരക്ഷണം നല്കുമെന്നും, ഇരു ഹറമുകളും എക്കാലത്തും ശത്രുക്കളുടെ ലക്ഷ്യമാണെന്നും അതാതുകാലത്തെ ഭരണാധികാരികള്‍ ശത്രുക്കളുടെ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി.

വിശുദ്ധ ഹറമുകളുടെ സംരക്ഷണത്തിനും ഹാജിമാര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഭരണാധികാരികളുടെ ഉത്സാഹവും അങ്ങേയറ്റത്തെ പരിശ്രമങ്ങളും ആര്‍ക്കും നിഷേധിക്കാനാവാത്തതാണെന്നും ഹജ്ജെന്ന വിശുദ്ധ കര്‍മ്മത്തെ രാഷ്ട്രീയവല്ക്കരിക്കുകയും അതിന്റെ യഥാര്‍ത്ഥലക്ഷ്യത്തില്‍ നിന്നും തെറ്റിക്കുകയും ചെയ്യുന്ന ചില ഒറ്റപ്പെട്ട ശബ്ദങ്ങളെ മുസ്ലിം ലോകം അവജ്ഞയോടെ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

കേരള മുസ്‌ലിം ജമാത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, എസ്. വൈ. എസ് കൊഴിക്കോട് ജില്ല പ്രസിഡന്റ് സയ്യിദ് തുറാബ് അസ്സാഖാഫി, എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോക്ടര്‍ മുഹമ്മദ് ഫാറൂഖ് നഈമി, ആര്‍ എസ് സി സൗദി നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ബാരി നദ്‌വി, ജനറല്‍ കണ്‍വീനര്‍, സിറാജ് വേങ്ങര, മുഹ്‌സിന്‍ സഖാഫി, ഹനീഫ അമാനി മക്ക എന്നിവര്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved