Latest News :
Home » , » ഇന്ത്യയടക്കം നാലു രാജ്യങ്ങള്‍ പിന്മാറി: സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി

ഇന്ത്യയടക്കം നാലു രാജ്യങ്ങള്‍ പിന്മാറി: സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി

Written By Muhimmath News on Wednesday, 28 September 2016 | 19:52



ന്യൂഡല്‍ഹി: അടുത്തമാസം പാകിസ്താനിലെ ഇസ്ലാമാബാദില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി. സാര്‍ക്കിന്റെ ചെയര്‍മാനായ നേപ്പാളാണ് ഉച്ചകോടി റദ്ദാക്കിയ തീരുമാനം അറിയിച്ചത്. ഉച്ചകോടിയില്‍ നിന്ന് നാല് അംഗരാജ്യങ്ങള്‍ പിന്മാറിയിരിക്കുകയാണ്. ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയാവുന്ന അവസ്ഥയല്ല ഉള്ളത്. ഈ സാഹചര്യത്തില്‍ ഉച്ചകോടി നടത്താന്‍ കഴിയില്ലെന്ന് അധ്യക്ഷ രാജ്യമായ നേപ്പാള്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയായശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും നേപ്പാള്‍ വ്യക്തമാക്കി.

ഉച്ചകോടി വിജയകരമായി നടത്താനുള്ള സാഹചര്യം ഒരു രാജ്യം ഇല്ലാതാക്കി എന്നാരോപിച്ച് ഇന്ത്യയാണ് ഉച്ചകോടിയില്‍ നിന്നും ആദ്യം പിന്മാറിയത്. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പാക് ബന്ധം വഷളായതും തീരുമാനത്തിന് ആക്കംകൂട്ടി.

അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നതും അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടുന്നതും ഉച്ചകോടിക്കു പറ്റിയ അന്തരീക്ഷം നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശും ഇന്ത്യയ്ക്ക് പിന്നാലെ സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും പിന്മാറുകയാണെന്ന് നേപ്പാളിനെ അറിയിച്ചു.

ഭീകരതയെ പിന്തുണയ്ക്കുന്ന പാക് നിലപാടില്‍ ആശങ്ക രേഖപ്പെടുത്തി അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് പിന്മാറുകയായിരുന്നു. ശ്രീലങ്ക, മാലദ്വീപ് എന്നിവയാണ് സാര്‍ക്കിലെ മറ്റ് അംഗരാജ്യങ്ങള്‍. ഇസ്‌ലാമാബാദില്‍ നവംബര്‍ 9,10 തീയതികളിലാണ് ഉച്ചകോടി നടത്താന്‍ നിശ്ചയിച്ചിരുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved