Latest News :
Home » , » ജില്ലയിലെ ആദ്യത്തെ ഹൈടെക്ക് ബസ്റ്റാന്‍ഡ് ചെറുവത്തൂരില്‍ വെള്ളിയാഴ്ച മന്ത്രി കെ.ടി. ജലീല്‍ തുറന്നുകൊടുക്കും

ജില്ലയിലെ ആദ്യത്തെ ഹൈടെക്ക് ബസ്റ്റാന്‍ഡ് ചെറുവത്തൂരില്‍ വെള്ളിയാഴ്ച മന്ത്രി കെ.ടി. ജലീല്‍ തുറന്നുകൊടുക്കും

Written By Muhimmath News on Thursday, 8 September 2016 | 11:55

ചെറുവത്തൂര്‍: ഒരു കോടിയിലധികം രൂപ ചിലവില്‍ നിര്‍മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലയിലെ ആദ്യത്തെ ബസ് സ്റ്റാന്‍ഡ് വെള്ളിയാഴ്ച ചെറുവത്തൂരില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ടി. ജലീല്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.

എം. രാജപോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. എല്‍ഇഡി വിളക്ക് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എ.ജി.സി. ബഷീറും ബസ് കാത്തിരിപ്പ് കേന്ദ്രം മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമനും ഉദ്ഘാടനം ചെയ്യും. മുന്‍ പഞ്ചായത്തു പ്രസിഡന്റുമാര്‍, എന്‍ജിനിയറിംഗ് ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍ എന്നിവരെ ജില്ലാ കളക്ടര്‍ ജീവന്‍ബാബു ആദരിക്കും.ചെറുവത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്റ്റാന്‍ഡ് നിര്‍മിച്ചത്. പൂര്‍ണമായും കോണ്‍ക്രീറ്റിലാണ്‌നിര്‍മാണം.

ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ഓവുചാലും നിര്‍മിച്ചു. ചുറ്റിലും വൈദ്യുതി വെളിച്ചം കാത്തിരിപ്പിനായി എയര്‍പോര്‍ട് കസേരകള്‍, എല്‍ഇഡി ടിവി എന്നിവയും യാര്‍ഡിന്റെ പടിഞ്ഞാറു ഭാഗത്ത് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രവും പൂര്‍ത്തിയായിട്ടുണ്ട്. പ്രവേശന കവാടത്തില്‍ കുട്ടമത്ത് നഗറിലേക്ക് സ്വാഗതമെന്ന ഡിജിറ്റല്‍ബോര്‍ഡും സ്ഥാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്‍പ്പെടെയുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് അനുബന്ധ സൌകര്യങ്ങള്‍ ഒരുക്കിയത്.

സ്റ്റാന്‍ഡിലേക്കുള്ള ബസുകളുടെ പ്രവേശനത്തിനു ഇനി പുതിയ രീതിയാണുണ്ടാവുക. കാഞ്ഞങ്ങാട് നിന്നും പയ്യന്നൂരിലേക്കു പോകുന്ന ബസുകള്‍ സ്റ്റാന്‍ഡിനു കിഴക്കു ഭാഗത്തുള്ള ബൈപാസ് റോഡിലൂടെ അകത്തു പ്രവേശിച്ച് യാത്രക്കാരെ ഇറക്കി അതേ ഭാഗത്തുകൂടി പുറത്തേക്കു പോകണം. പയ്യന്നൂര്‍ ഭാഗത്തു നിന്നും കാഞ്ഞങ്ങാടേയ്ക്കുള്ള ബസുകള്‍ നേരത്തേ പ്രവേശിക്കുന്ന ബൈപാസ് റോഡിലൂടെയെത്തി സ്റ്റാന്‍ഡിന്റെ പടിഞ്ഞാറു ഭാഗത്തു യാത്രക്കാരെ ഇറക്കി അതേ ഭാഗത്തുകൂടി പുറത്തേക്കു കടക്ക ണം.

പഞ്ചായത്തു വ്യാപാര സമുച്ഛയത്തിന് മുന്നില്‍ കയ്യൂര്‍, ചീമേനി, തൃക്കരിപ്പൂര്‍, പടന്ന, മടക്കര, എന്നീഭാഗങ്ങളിലേക്കുള്ള ബസുകളും കാരി ഭാഗത്തേക്കുള്ളവയും സ്റ്റാന്‍ഡിന്റെ തെക്കുഭാഗത്തും പാര്‍ക്ക് ചെയ്യണം. 
പത്രസമ്മേളനത്തില്‍ പഞ്ചായത്തു പ്രസിഡന്റ് മാധവന്‍ മണിയറ, സെക്രട്ടറി ടി.വി. പ്രഭാകരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. പ്രമീള, അസിസ്റ്റാന്റ് എന്‍ജിനിയര്‍ അനസൂര്യ, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved