Latest News :
Home » , , , , » വിടപറഞ്ഞത് സ്‌നേഹ നിധിയായ അധ്യാപകനും സംഘടനാ പ്രവര്‍ത്തകനും

വിടപറഞ്ഞത് സ്‌നേഹ നിധിയായ അധ്യാപകനും സംഘടനാ പ്രവര്‍ത്തകനും

Written By Muhimmath News on Tuesday, 6 September 2016 | 12:05

പുത്തിഗെ: മുഹിമ്മാത്ത് ഹൈസ്‌കൂള്‍ അധ്യാപകന്‍ ഉബൈദ് മാസ്റ്ററുടെ ദാരുണാന്ത്യം സഹപ്രവര്‍ത്തകര്‍ക്കും തന്റെ വാത്സല്യനിധികളായ വിദ്യാര്‍ഥികള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിതുമ്പുകയാണ്.

ഒരു ദശകത്തിലേറെയായി മുഹിമ്മാത്ത് സ്‌കൂളിന്റെ അധ്യാപക മേഖലയില്‍ സേവനമനുഷ്ഠിച്ച ഉബൈദ് മാസ്റ്റര്‍ എന്നും സുസ്‌മേരവദനത്തിന്റെ ഉടമയാണ്. അദ്ദേഹത്തിന്റെ പുഞ്ചിരി വിദ്യാര്‍ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ഹൃദയങ്ങളില്‍
എന്നും മായാതെ കിടക്കും.

കുണ്ടാറിലെ മുഹമ്മദ് മുസ്ലിയാര്‍-ആമിന ദമ്പതികളുടെ മകനായ ഉബൈദ് മാസ്റ്ററുടെ വിവാഹം നടന്ന് മാസങ്ങള്‍ മാത്രമാണ് പിന്നിട്ടത്. ഗര്‍ഭിണിയായ പ്രിയതമയെ തനിച്ചാക്കി മരണം തട്ടിയെടുത്തപ്പോള്‍ മുള്ളേരിയ കുണ്ടാറിലെ കുടുംബവും നാട്ടുകാരും അപകട വാര്‍ത്തയറിഞ്ഞ് വിറങ്ങലിച്ചു നില്‍ക്കുയാണ്. 



മത-ഭൗതിക വിദ്യാഭ്യാസം നേടിയിരുന്ന ഉബൈദ് മാസ്റ്റര്‍ മദ്‌റസാ അധ്യാപന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സംഘടനാ രംഗത്തും ഉബൈദ് മാസ്റ്ററുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. കുണ്ടാര്‍ യൂനിറ്റ് എസ് എസ് എഫ് മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു. 

സൗമ്യശീലനും ശാന്തസ്വഭാവക്കാരനുമായ ഉബൈദ് മാസ്റ്റര്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴും പക്വതയോടെ മാത്രമായിരുന്നു സഞ്ചരിച്ചിരുന്നത്. പക്ഷേ, മരണം ബൈക്കപകടത്തിന്റെ രൂപത്തില്‍ എത്തിയത് വിധിയുടെ തടുക്കാനാവാത്ത തീരുമാനമായിരുന്നു.



ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ മുഹിമ്മാത്ത് സ്‌കൂളിലെത്താന്‍ തന്റെ നാട്ടില്‍നിന്ന് വരുമ്പോള്‍ സീതാംഗോളി ജംഗ്ഷന്‍ കഴിഞ്ഞ് മുഖാരിക്കണ്ടത്ത് വെച്ചായിരുന്നു അപകടം.

സാന്ത്വനത്തിന്റെ വാക്കുകളില്ലാതെ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും വേദന പങ്കിടുമ്പോള്‍ ഉബൈദ് മാഷിന്റെ ഖബറിടം സ്വര്‍ഗ പൂങ്കാവനമാക്കി സന്തോഷം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കാം...
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved