Latest News :
Home » , » ഓര്‍മ്മയിലെ ഉബൈദ് മാഷ്...

ഓര്‍മ്മയിലെ ഉബൈദ് മാഷ്...

Written By Muhimmath News on Wednesday, 7 September 2016 | 18:20



തന്റെ ജീവിതം മുഴുവനും അധ്യാപനത്തിനാവണമെന്ന വലിയ മോഹവുമായി ജീവിതം നയിച്ച ഉബൈദ് മാഷ്. ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് വരുന്ന നേരത്തായിരുന്നു വാഹനാപകടത്തില്‍ മരിച്ചത്. ഈ വാര്‍ത്ത ഞങ്ങള്‍ വളരെ ദുഃഖത്തോടെയാണ് ശ്രവിച്ചത്.

ഒരു നല്ല അധ്യാപകനെയാണ് ഉബൈദ് മാഷിലൂടെ നഷ്ടപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ മനസ്സറിഞ്ഞ് വേണ്ടുന്ന ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുകയും വിദ്യാര്‍ത്ഥികളെ ഉന്മേഷ ഭരിതരാക്കി ക്ലാസെടുക്കുവാന്‍ കഴിയുന്ന അധ്യാപകനായിരുന്നു അദ്ദേഹം.

ആരെയും ആകര്‍ഷിക്കും വിധമുള്ള സംസാരവും വസ്ത്രരീതിയും പലപ്പോഴും ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എപ്പോഴും പുഞ്ചിരി തൂകുന്ന മുഖം മായാതെ ഓര്‍മ്മയില്‍ നില്‍ക്കുന്നു. ഒരു നല്ല അധ്യാപകനെന്നതിലപ്പുറം മികച്ച സംഘാടകനുമായിരുന്നു. എല്ലാ കാര്യങ്ങളിലും വ്യക്തമായ നിരീക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നു.

മതവും ഭൗതികവുമായ വിജ്ഞാനം കരഗതമാക്കുകയും അതനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തു. അവസാനമായി ഞങ്ങളുടെ പത്താം ക്ലാസിന്റെ സെന്റ് ഓഫ് പരിപാടിയില്‍ മാഷ് പറഞ്ഞു ' അവസാനമൊരു പിരിയലുണ്ട്. അന്നാണ് യഥാര്‍ത്ഥ സെന്റ് ഓഫ്. എനിക്ക് സമ്മാനം നല്‍കേണ്ടത് ഞാന്‍ മരിച്ചാല്‍ എനിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്'. ആ വാക്കിന്റെ പൊരുള്‍ ഇത്ര പെട്ടെന്നാകുമെന്ന് ഞങ്ങള്‍ നിനച്ചിരുന്നില്ല.

ഒരധ്യാപകദിനം കഴിഞ്ഞതേ ഉള്ളൂ. ഈ അധ്യാപക ദിനത്തിനും ഉബൈദ് മാഷിന്റെ അധ്യാപന ജീവിതത്തിനും വലിയ ബന്ധമുണ്ട്. ഒരു സമൂഹത്തിന്റെ മുന്നേറ്റത്തിനായി നല്ല നാളെയുടെ പൗരന്മാരായി വളര്‍ത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയ അങ്ങ് മരിക്കുന്നില്ല. അങ്ങയുടെ സ്മരണകള്‍ അങ്ങയുടെ ശിഷ്യരില്‍ നിലനില്‍ക്കുക തന്നെ ചെയ്യും.

അബൂബക്കര്‍ ബെളിഞ്ച
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved