Latest News :
...
Home » , , , » മുഹിമ്മാത്തില്‍ മയ്യിത്ത് നിസ്‌കാരത്തിന് അണിനിരന്നത് ആയിരങ്ങള്‍: ഉബൈദ് മാഷിന് യാത്രാമൊഴി

മുഹിമ്മാത്തില്‍ മയ്യിത്ത് നിസ്‌കാരത്തിന് അണിനിരന്നത് ആയിരങ്ങള്‍: ഉബൈദ് മാഷിന് യാത്രാമൊഴി

Written By Muhimmath News on Tuesday, 6 September 2016 | 19:50പുത്തിഗെ: മുഹിമ്മാത്ത് ഹൈസ്‌കൂള്‍ അധ്യാപകന്‍ ഉബൈദ് മാസ്റ്ററുടെ മരണം സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താങ്ങാനാകാത്ത നൊമ്പരമായി. വിദ്യാര്‍ഥികളോട് അതിരറ്റ സ്‌നേഹത്തോടെയും വാല്‍സല്യത്തോടെയും ഇടപഴകിയിരുന്ന അധ്യാപകന്റെ വേര്‍പാട് നാടിന് ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല.10 വര്‍ഷത്തിലേറെയായി മുഹിമ്മാത്ത് സ്‌കൂളിന്റെ അധ്യാപക മേഖലയില്‍ സേവനമനുഷ്ഠിച്ച ഉബൈദ് മാസ്റ്റര്‍ എന്നും സുസ്‌മേരവദനത്തിന്റെ ഉടമയാണ്. അദ്ദേഹത്തിന്റെ പുഞ്ചിരി വിദ്യാര്‍ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ഹൃദയങ്ങളില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്നതിന്റെ തെളിവാണ് മരണവിവരമറിഞ്ഞപ്പോഴുണ്ടായ അവരുടെ വിതുമ്പുന്ന മുഖങ്ങള്‍.

കുണ്ടാറിലെ മുഹമ്മദ് മുസ്‌ലിയാര്‍-ആമിന ദമ്പതികളുടെ മകനായ ഉബൈദ് മാസ്റ്ററുടെ വിവാഹം നടന്ന് മാസങ്ങള്‍ മാത്രമാണ് പിന്നിട്ടത്. ഗര്‍ഭിണിയായ പ്രിയതമയെ തനിച്ചാക്കി മരണം തട്ടിയെടുത്തപ്പോള്‍ മുള്ളേരിയ കുണ്ടാറിലെ കുടുംബവും നാട്ടുകാരും അപകട വാര്‍ത്തയറിഞ്ഞ് വിറങ്ങലിച്ചു നില്‍ക്കുയാണ്.

ഉബൈദ് മാസ്റ്ററുടെ വിയോഗത്തോടെ കുണ്ടറിലെ മുഹമ്മദ് മുസ്ലിയാര്‍ക്ക് നഷ്ടപ്പെട്ടത് ഏക മകനേയും കുടുംബത്തിന്റെ അത്താണിയേയുമാണ്. മകന്‍ വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് മധു വിധു കാലം കഴിയും മുമ്പേ വിട ചൊല്ലിയത് ഉള്‍ക്കൊള്ളാനാവാതെ തേങ്ങുകയാണ് മുഹമ്മദ് മുസ്ലിയാരുടെ കുടുംബം.

അധ്യാപകന്‍ എന്നതിലുപരി മുഹിമ്മാത്തിന്റെ എല്ലാവിധത്തിലുള്ള പ്രവര്‍ത്തനങ്ങളിലും ഉബൈദ് മാസ്റ്ററുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. പാഠ്യേതര മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതില്‍ പ്രത്യേക കഴിവുണ്ടായിരുന്നു.

രക്ഷിതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കുവാനും അതു വഴി വിദ്യാര്‍ത്ഥികളില്‍ കഴിവ് വളര്‍ത്താനും മാഷ് മുന്നില്‍ നിന്നിരുന്നു. കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറുമ്പോഴും അവരുടെ പഠനത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധയും കരുതലും മാസ്റ്റര്‍ക്കുണ്ടായിരുന്നു. പഠനത്തില്‍ പിന്നാക്കം പോകുന്ന കുട്ടികളെ കണ്ടെത്തി അവരുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തിലും മാസ്റ്റര്‍ കണിശത പുലര്‍ത്തിയിരുന്നു.

പ്രിയ അധ്യാപകന്റെ അപകട മരണമറിഞ്ഞ് സീതാംഗോളിയില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ ദുരന്തം കണ്ട് തേങ്ങലടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. മയ്യിത്ത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തളങ്കര മാലിക്ദീനാറില്‍ കുളിപ്പിച്ച് കഫന്‍ ചെയ്ത ശേഷം മാലിദ് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടന്നു. മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. പിന്നീട് മുഹിമ്മാത്തില്‍ മയ്യത്ത് പൊതുദര്‍ശത്തിനുവെച്ചു. മുഹിമ്മാത്തില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നേതൃത്വം നല്‍കി.

വൈകിട്ട് ജന്‍മനാടായ കുണ്ടാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. അവിടെ വിവിധ ഘട്ടങ്ങളിലായി നടന്ന മയ്യിത്ത് നിസ്‌കാരങ്ങള്‍ക്ക് മഞ്ഞമ്പാറ മജ്‌ലിസ് ചെയര്‍മാന്‍ അശ്രഫ് തങ്ങള്‍, പിതാവ് മുഹമ്മദ് മുസ്ലിയാര്‍, സഹോദരീ ഭര്‍ത്തവ് ഹാശിം ദാരിമി നേതൃത്വം നല്‍കി. അധ്യാപകനോടുള്ള ആദരസൂചകമായി മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി നല്‍കിയിരുന്നു. മുഹിമ്മാത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ഉസ്താദുമാരും ഖുര്‍ആന്‍ പാരായണവും ദിക്‌റ് ദുആ മജ്‌ലിസും സംഘടിപ്പിച്ചു.

മുഹിമ്മാത്തില്‍ അധ്യാപകനായി സേവനം ചെയ്യുമ്പോള്‍ തന്നെ തൊട്ടടുത്ത രിഫാഇ നഗറില്‍ എട്ട് വര്‍ഷത്തിലേറെ മദ്രസാധ്യാപകനായും ഉബൈദ് മാസ്റ്റര്‍ സേവനം ചെയ്തിരുന്നു. ഇവിടെ ധാരാളം ശിഷ്യഗണങ്ങളുണ്ട്.

നിര്യാണത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അലിക്കുഞ്ഞി മുസ് ലിയാര്‍ ശിറിയ, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അനുശോചിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹമ്മദലി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, സി.എന്‍ ജഅ്ഫര്‍, സുലൈമാന്‍ കരിവെള്ളൂര്‍, യൂത്ത് ലീഗ് സെക്രട്ടറി അഷ്‌റഫ് എടനീര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved