Latest News :
Home » , , » വാവര്‍ മുസ്‌ലിം തന്നെ: ശശികലയെ തിരുത്തി രാഹുല്‍ ഈശ്വര്‍

വാവര്‍ മുസ്‌ലിം തന്നെ: ശശികലയെ തിരുത്തി രാഹുല്‍ ഈശ്വര്‍

Written By Muhimmath News on Thursday, 22 September 2016 | 11:54

തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസത്തിന്റെ ഭാഗമായ വാവര്‍ മുസ്‌ലിമല്ലെന്ന ഹിന്ദുഐക്യവേദി നേതാവ് ശശികല യുടെ വാദത്തെ തിരുത്തി ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ രംഗത്ത്. വാവര്‍ ഇസ്‌ലാംമത വിശ്വാസി തന്നെയാണെന്ന് ആവര്‍ത്തിച്ച രാഹുല്‍, ഇതിന് കൃത്യമായ തെളിവുണ്ടെന്നും വ്യക്തമാക്കി.

 വാവരെ നിഷേധിക്കുന്നത് അയ്യപ്പനെ തള്ളിപ്പറയുന്നതിന് തുല്യമാണ്. വാവരെ ആര് തള്ളിപ്പറഞ്ഞാലും അത് അക്ഷന്തവ്യമായ തെറ്റുമാണ്. പാത്തുമ്മയുടെയും സെയ്താലിയുടെയും മകനായ വാവരുടെ ആത്മസുഹൃത്ത് അയ്യപ്പനായിരുന്നു. വാവര്‍അയ്യപ്പന്‍ സൗഹൃദം സത്യമാണെന്നും 1950ല്‍ കോടതിയില്‍ നടന്ന കേസില്‍ ശബരിമലയിലെ അന്നത്തെ തന്ത്രി കണ്ഠരര് ശങ്കരര്‍ വാവര്‍ മുസ്‌ലിം ആണെന്നും   ശരിവച്ചിരുന്നു.  വാവരുടെ ചരിത്രപരമായ അസ്തിത്വം തെളിയിക്കാന്‍ കോടതി രേഖകള്‍, രാജകുടുംബത്തിന്റെ പട്ടയങ്ങള്‍ എന്നിവയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

 ശബരിമലയുടെ ഉള്ളില്‍തന്നെ വാവര്‍ക്കായി പ്രാര്‍ഥനാ സ്ഥലമുണ്ട്. അവിടെ വിഗ്രഹങ്ങളോ മറ്റോ ഇല്ലെന്നത് അദ്ദേഹം മുസ്‌ലിം ആണെന്നതിന് തെളിവാണെന്നും രാഹുല്‍ പറഞ്ഞു. എരുമേലി അമ്പലത്തിലെ ഉല്‍സവം നടക്കുന്നത് തന്നെ അവിടുത്തെ മുസ്‌ലിം പള്ളിക്ക് ചുറ്റുമാണ്. ഇത്തരം തെളിവുകള്‍ മതി വാവര്‍ മുസ്‌ലിം ആണെന്ന് വ്യക്തമാവാനെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.  വാവര്‍ മുസ്‌ലിം അല്ലെന്ന വിധത്തിലുള്ള വാദങ്ങള്‍ ശശികല ടീച്ചര്‍ ഉയര്‍ത്തിയത് ശരിയല്ല. ഹിന്ദുവലതുപക്ഷത്തെ ഒരുവിഭാഗം സൂക്ഷിക്കുന്ന ചില നിലപാടുകളാണ് ഇത്. മുസ്‌ലിംകളുടെ നെഞ്ചത്ത് കയറിയാല്‍ മാത്രമേ ഹിന്ദു ഐക്യം നടപ്പാകൂവെന്ന ചിന്തയാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍. ഇത്തരത്തിലുള്ള വാദങ്ങള്‍ മുമ്പും ഉയര്‍ത്താന്‍ ശ്രമമുണ്ടായിട്ടുണ്ട്.

 വാവര്‍ എന്നത് വാപരന്‍ എന്ന ശിവഭൂത ഗണമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉയര്‍ന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഹിന്ദു ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. എന്നാല്‍, മുസ്‌ലിം വിരോധത്തിന്റെ പുറത്ത് ഹിന്ദു ഐക്യം കെട്ടിപ്പടുക്കാന്‍ ആവില്ലെന്ന് വിശ്വസിക്കുന്നവനാണ് താനെന്നും അദ്ദേഹം പറഞ്ഞു.  ശശികല ടീച്ചര്‍ക്കുള്ള തുറന്ന കത്തിലും രാഹുല്‍ തന്റെ വിയോജിപ്പ് പ്രകടമാക്കി. 

ശബരിമല തിരിച്ചുപിടിക്കാനുള്ള യുദ്ധത്തില്‍ അയ്യപ്പനെ സഹായിച്ചതാണ് വാവരും അദ്ദേഹത്തിന്റെ മുസ്‌ലിം പട്ടാളവുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. 

 ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വാവര്‍ മുസ്‌ലിം അല്ലെന്ന വാദം ശശികല ഉന്നയിച്ചത്. ശബരിമല അയ്യപ്പനെക്കുറിച്ച് പുരാണങ്ങളിലുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ശശികല വാവര്‍ വിഷയത്തിലേക്ക് കടന്നത്. 

സംഘപരിവാരത്തിലെ രണ്ടുപേര്‍ ശബരിമലയിലെ അയ്യപ്പന്റെ തോഴനായി കരുതപ്പെടുന്ന വാവര്‍ സ്വാമിയെ ചൊല്ലി പരസ്പരം പോരടിക്കുന്നത് പരിവാറില്‍ ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ശശികലയുടെ പരാമര്‍ശം അനാവശ്യമാണെന്ന അഭിപ്രായമാണ് ഭൂരിഭാഗം സംഘപരിവാര നേതാക്കള്‍ക്കുമുള്ളത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved