Latest News :
Home » » തനിക്ക് ഇന്ത്യയിലേക്ക് വരണം, പാസ്‌പോര്‍ട്ടില്ല: വിജയ് മല്യ

തനിക്ക് ഇന്ത്യയിലേക്ക് വരണം, പാസ്‌പോര്‍ട്ടില്ല: വിജയ് മല്യ

Written By Muhimmath News on Friday, 9 September 2016 | 19:26

ന്യൂഡല്‍ഹി: തനിക്ക് ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ വരാന്‍ കഴിയില്ലെന്നും മദ്യരാജാവ് വിജയ് മല്യ ഡല്‍ഹി കോടതിയെ അറിയിച്ചു. വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം (ഫെറ) ലംഘിച്ച കേസിന്റെ വിസ്താരം നടക്കുന്നതിനിടെ മല്യയുടെ അഭിഭാഷകനാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

അതേസമയം, മല്യ മറ്റുപല കേസില്‍ നിന്ന് തന്ത്രപൂര്‍വം രക്ഷപ്പെടുകയായിരുന്നുവെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവന്‍.കെ മാട്ട കോടതിയെ അറിയിച്ചു. ഒക്ടോബര്‍ നാലിന് കേസ് പരിഗണിക്കുമ്പോള്‍ മല്യയുടെ പ്രതികരണം ഹാജരാക്കണമെന്ന് കോടതി നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരുന്നു.

വിജയ് മല്യയുടെ 6600 കോടിയുടെ വസ്തുവകകളും ഷെയറുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കണ്ടുകെട്ടിയിരുന്നു. മഹാരാഷ്ട്രയിലെ 200 കോടി വിലയുള്ള ഫാംഹൗസ്, ബംഗളുരുവിലെ 800 കോടിരൂപ വിലമതിക്കുന്ന കെട്ടിടങ്ങള്‍, മാളുകള്‍, 3000 കോടിയുടെ യു.ബി.എല്‍, യു.എസ്.എല്‍ ഷെയറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

2010ലെ വിലനിലവാരം കണക്കാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് വസ്തുവകകളുടെ മൂല്യം നിശ്ചയിച്ചിരിക്കുന്നതെങ്കിലും അവയുടെ നിലവിലെ മൂല്യം 6600 കോടിയാണ്. ഇത് മല്യയെ സംബന്ധിച്ചിടിത്തോളം കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ കുടിശ്ശിക വരുത്തിയശേഷം ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയ മല്യ നിലവില്‍ ലണ്ടനില്‍ കഴിയുകയാണ്. മല്യക്കെതിരെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.

മല്യയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന കിങ് ഫിഷര്‍ വിമാനക്കമ്പനി രാജ്യത്തെ വിവിധ ഏര്‍പ്പോര്‍ട്ട് മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയ വണ്ടിച്ചെക്കുകള്‍ മടങ്ങിയ കേസില്‍ മല്യക്കെതിരെ ഡല്‍ഹീ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved