Latest News :
Home » , » പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: വി.എസ് നല്‍കിയ പട്ടിക സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വെട്ടി

പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: വി.എസ് നല്‍കിയ പട്ടിക സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വെട്ടി

Written By Muhimmath News on Saturday, 10 September 2016 | 12:37

തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനായ വി.എസ്.അച്യുതാനന്ദന്‍ തന്റെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിനായി തയാറാക്കിയ പട്ടിക സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വെട്ടി. ഇരുപത് പേരുടെ പട്ടികയായിയിരുന്നു വി.എസ് നല്‍കിയത്.
ഇതില്‍ അഡീഷനല്‍ പി.എ ആയി തന്റെ വിശ്വസ്തന്‍ വി.കെ. ശശിധരനെയും പേഴ്‌സനല്‍ സ്റ്റാഫ് അംഗമായി സന്തോഷിനെയും നിയമിക്കാനുള്ള വി.എസിന്റെ ശുപാര്‍ശയാണ്  സെക്രട്ടേറിയറ്റ് യോഗം തള്ളിയത്.

വി.കെ.ശശിധരന്‍, സന്തോഷ് എന്നിവരെ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പുതുക്കിയ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കാനും ധാരണയായി.

പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തി എന്നതിന്റെ പേരില്‍ വിഎസിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ നിന്നു ശശിധരനെ സി.പി.ഐ.എം നേരത്തെ പുറത്താക്കിയിരുന്നു.
2006ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.എസിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്നു വി.കെ. ശശിധരന്‍.

വിഭാഗീയത ആരോപിച്ച് അദ്ദേഹത്തെ പിന്നീട് പേഴ്‌സനല്‍ സ്റ്റാഫില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. യു.ഡി.എഫ് അനുഭാവിയെന്ന ആക്ഷേപമാണ് സന്തോഷിന്റെ പേര് അംഗീകരിക്കാതിരിക്കാന്‍ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

20 അംഗ പട്ടികയാണ് വിഎസ് നല്‍കിയതെങ്കിലും 13 പേരെ മാത്രമേ അദ്ദേഹത്തിന് അനുവദിച്ചിട്ടുള്ളൂ.
ഭരണപരിഷ്‌കാര കമീഷനെ സംബന്ധിച്ച് സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് ചൂണ്ടിക്കാട്ടിയും ഓഫിസിന്റെ  സ്ഥലം നിശ്ചയിച്ചതിലെ അതൃപ്തി പ്രകടിപ്പിച്ചും വി.എസ് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved