Latest News :
Home » , » ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ കബളിപ്പിച്ച് ഒളിച്ചോടിയ യുവതിക്ക് കാമുകന്‍ മിന്നുകെട്ടി

ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ കബളിപ്പിച്ച് ഒളിച്ചോടിയ യുവതിക്ക് കാമുകന്‍ മിന്നുകെട്ടി

Written By Muhimmath News on Tuesday, 6 September 2016 | 22:08

കാഞ്ഞങ്ങാട്: ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ കബളിപ്പിച്ച് ഒളിച്ചോടിയ നവവധുവിന് കാമുകന്‍ മിന്നുകെട്ടി. ഭര്‍തൃവീട്ടുകാരുടെ പരാതി പ്രകാരം പൊലീസ് തെരയുന്നതിനിടയില്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ ഇന്നു പോലീസില്‍ നേരിട്ട് ഹാജരായി.

ബേഡകം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുണ്ടംകുഴിക്കു സമീപത്തെ യുവാവും മടിക്കൈ സ്വദേശിനിയും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ ഞായറാഴ്ച ബേഡകത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് നടന്നത്. വിവാഹത്തില്‍ ഇരു വീട്ടുകാരുടെയും ബന്ധുക്കളും നാട്ടുകാരും സംബന്ധിച്ചിരുന്നു. കല്യാണത്തിനു ശേഷം വധു ഭര്‍തൃവീട്ടിലെത്തി ആദ്യ രാത്രിയില്‍ ഭര്‍ത്താവിനു പാലു നല്‍കുന്നതിനു മുമ്പാണ് മുങ്ങിയത്.

നവവധുവിനെ കാണാനില്ലെന്നു ഉറപ്പാക്കിയ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കല്യാണത്തിനു അണിഞ്ഞ ആഭരണങ്ങള്‍ കാണാനില്ലെന്നും വ്യക്തമായി. എന്നാല്‍ താലിമാലയും വരന്‍ അണിയിച്ച മോതിരവും മണിയറയില്‍ ഊരിവച്ചനിലയില്‍ കാണപ്പെട്ടു. വിവരം ഉടന്‍ തന്നെ യുവതിയുടെ വീട്ടുകാരെയും ബേഡകം പൊലീസിലും അറിയിച്ചു. ഇതനുസരിച്ച് പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് തങ്ങളെ ആരും അന്വേഷിക്കേണ്ടെന്നും തങ്ങള്‍ പറശ്ശിനി കടവ് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നും കാമുകന്‍ പൊലീസിനെ അറിയിച്ചത്. നവവധുവിന്റെ മുറച്ചെറുക്കനാണ് കാമുകന്‍. അവര്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിച്ചുകൊടുക്കാന്‍ യുവതിയുടെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved