Latest News :
Home » , » ശമ്പളം വൈകുന്നു; കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക്

ശമ്പളം വൈകുന്നു; കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക്

Written By Muhimmath News on Wednesday, 5 October 2016 | 12:02


തിരുവനന്തപുരം/കൊല്ലം: ശമ്പളംവൈകുന്നതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക്. കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഭരണകക്ഷി യൂണിയന്‍ ഉള്‍പ്പടെ എല്ലാ യൂണിയനുകളും സമരം നടത്തിയത്. ഇതേ തുടര്‍ന്ന് മിക്ക സര്‍വീസുകളും നിലച്ചു.

അതേസമയം ദീര്‍ഘദൂര സര്‍വീസുകളെ സമരക്കാര്‍ തടയുന്നില്ല. കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകളാണ് നിലച്ചത്. മുന്നറിയിപ്പില്ലാതെ നടന്ന സമരം യാത്രക്കാരെ ബാധിച്ചു. തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും സര്‍വീസുകള്‍ മുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. കോട്ടയത്ത് ജീവനക്കാരില്‍ നല്ലൊരു ശതമാനം കൂട്ട അവധിയെടുത്തു.

കൊല്ലത്ത് എല്ലാ ഡിപ്പോകളിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ രാവിലെ മുതല്‍ പണിമുടക്കിലാണ്. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി യൂണിയനുകള്‍ സംയുക്തമായിട്ടാണ് പണിമുടക്ക് നടത്തുന്നത്. കൊല്ലം ഡിപ്പോയില്‍ പുലര്‍ച്ചെ മുതല്‍ തന്നെ ജീവനക്കാര്‍ പണിമുടക്കിലാണ്. 100 സര്‍വീസുകളാണ് രാവിലെ മുതല്‍ ഇവിടെ നിന്ന് അയക്കേണ്ടത്. ഇതില്‍ ഒരെണ്ണംപോലും അയച്ചില്ല. ബിഎംഎസ് പണിമുടക്ക് നോട്ടീസ് നല്‍കിയില്ലെങ്കിലും ജീവനക്കാരാരും ജോലിക്ക് എത്തിയില്ല.

ഡിപ്പോയില്‍ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ജീവനക്കാര്‍ സമരം തുടങ്ങിയെങ്കിലും രാവിലെ മുതലാണ് ശക്തമായത്. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി യൂണിയനുകളില്‍പ്പെട്ട ജീവനക്കാര്‍ പണിമുടക്ക് നോട്ടീസ് നല്‍കിയ ശേഷമാണ് സമരം നടത്തിവരുന്നത്. ഐഎന്‍ടിയുസി, സിഐടിയു യൂണിയന്‍ നേതാക്കള്‍ രാവിലെ മുതല്‍ നിരാഹാര സമരവും തുടങ്ങിയിട്ടുണ്ട്. ഐഎന്‍ടിയുസി വിഭാഗം കൂട്ടലീവ് നല്‍കിയ ശേഷമാണ് പണിമുടക്ക് നടത്തിവരുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved