Latest News :
Home » , » സഹോദരങ്ങ ളായ രണ്ടു യുവാക്കളെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സഹോദരങ്ങ ളായ രണ്ടു യുവാക്കളെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Written By Muhimmath News on Thursday, 6 October 2016 | 22:30

ചെറുവത്തൂര്‍: സഹോദരങ്ങളായ രണ്ടു യുവാക്കളെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ചളുവാക്കോടെ ഡ്രൈവര്‍മാരായ കൂത്തൂര്‍ വീട്ടില്‍ സതീശന്‍ (40 ), സജിത്ത് (36 ) എന്നിവരെയാണ് ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മക്കളെ കാണാതായതിനെ തുടര്‍ന്ന് പിതാവിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് രണ്ടു മൃതദേഹങ്ങളും ഒരേ കിണറില്‍ കണ്ടെത്തിയത്. ചീമേനി ചളുവാക്കോടെ മണിയറ ദാമോദരന്‍-ദേവകി ദമ്പതികളുടെ മൂത്ത മകന്‍ സതീശന്‍ ചള്ളുവക്കോടുള്ള അച്ഛന്റെ കൂടെയും ഇളയ മകനായ സജിത്ത് നെടുമ്പയില്‍ സ്വന്തം വീടുവെച്ച് താമസിക്കുയാണ്. ഇരുവരും ഒന്നിച്ച് തറവാട്ടിലേക്ക് വരുന്ന വഴിയിലുള്ള ഉപയോഗിക്കാത്ത കിണറില്‍ വീണാണ് ദുരന്തം സംഭവിച്ചത്. മകനെ കാണാത്തതിനാല്‍ അന്വേഷിച്ചിറങ്ങിയ പിതാവ് ഇളയമകന്റെ വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തിരിച്ചുവരികയായിരുന്നു.

തുടര്‍ന്ന് പലയിടത്തും അന്വേഷിച്ച് തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയിലാണ് കിണറിന്റെ പരിസരത്തായി ലുങ്കിയും ചെരിപ്പും വാച്ചും കാണപ്പെട്ടത്. സംഭവം കണ്ട ഉടനെ നാട്ടുകാരെയും ചീമേനി പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേന വിഭാഗം കിണറില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് രണ്ടു മൃതദേഹങ്ങള്‍ കിണറില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് കൃത്യമായ കാരണം അറിവില്ല. ഒരാള്‍ കിണറില്‍ വീഴുമ്പോള്‍ നടത്തിയ രക്ഷ പ്രവര്‍ത്തനത്തിനിടയില്‍ മറ്റെയാളും വീണുവെന്നാണ് നിഗമനം. ചീമേനി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി പെരിയാരം മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. കെ കെ ഷിജിയാണ് സതീശന്റെ ഭാര്യ; ഏക മകള്‍ സമ. സഹോദരി ധന്യ.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved