Latest News :
Home » , » വായനയിലൂടെ പ്രബുദ്ധരാവുക : സയ്യിദ് ഹബീബ് അല്‍ ബുഖാരി

വായനയിലൂടെ പ്രബുദ്ധരാവുക : സയ്യിദ് ഹബീബ് അല്‍ ബുഖാരി

Written By Muhimmath News on Saturday, 15 October 2016 | 10:11

ജിദ്ദ: വായനയിലൂടെ ആര്‍ജ്ജിച്ച വിജ്ഞാനമാണ് മനുഷ്യകുലത്തിന്റെ അത്ഭുതകരമായ ബൌദ്ധിക വികാസത്തിന് നിദാനമായതെന്നും അതുകൊണ്ട് തന്നെ പ്രവാസീ സമൂഹം നല്ല വായനയിലൂടെ പ്രബുദ്ധരാകണമെന്നും ഐ.സി.എഫ്. നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ബുഖാരി പ്രസ്താവിച്ചു. 

വിവിധ കാരണങ്ങളാല്‍ പ്രവാസീ സമൂഹം നേരിടുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ഒരു പരിധിവരെ വായന സഹായകമാകുമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ജിദ്ദ മര്‍ഹബയില്‍ നടന്ന 'പ്രവാസീ വായന' സൗദി നാഷണല്‍ തല പ്രചാരണ ക്യാമ്പയിന്‍ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'അതിജീവനത്തിന്റെ വായന' എന്ന ശീര്‍ഷകത്തില്‍ വിവിധ പദ്ധതികളോടെ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 20 വരെ ആചരിക്കുന്ന പ്രവാസീ വായന പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി, ഒക്ടോബര്‍ 28 വായനാ ദിനമായി ആചരിക്കും. അന്നേ ദിവസം സൌദിയുടെ വിവിധ ഏരിയകളില്‍ മാധ്യമ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സാംസ്‌ക്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. 

വിദ്യാര്ഥികളില്‍ വായനാ താല്‍പര്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 4 ന്, വായനാകൂട്ടം സംഘടിപ്പിക്കുമെന്ന് നാഷണല്‍ സമിതി ചെയര്‍മാന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍, കണ്‍വീനര്‍ ബഷീര്‍ എറണാകുളം എന്നിവര്‍ അറിയിച്ചു. 

പ്രഖ്യാപന സമ്മേളനം കൊട്ടൂക്കര മുഹ്‌യുദ്ദീന്‍ സഅദി ഉത്ഘാടനം ചെയ്തു. ഷാഫി മുസ്ലിയാര്‍ അധ്യക്ഷം വഹിച്ച സംഗമത്തില്‍ മിഡില്‍ ഈസ്റ്റ് സെക്രട്ടറി മുജീബ് എ.ആര്‍. നഗര്‍ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ തിരുനാവായ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved