Latest News :
Home » , » ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈകോടതി

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈകോടതി

Written By Muhimmath News on Tuesday, 4 October 2016 | 12:18

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈകോടതി തമിഴ്‌നാട് സര്‍ക്കാറിനോടാവശ്യപ്പെട്ടു. ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 

ആരോഗ്യനില വെളിപ്പെടുത്തി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഇറങ്ങുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി തള്ളി. ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ആരോഗ്യ നില അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഭരണപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാന്‍ പറ്റിയ മാനസികവും ശാരീരികവുമായ ആരോഗ്യം മുഖ്യമന്ത്രിക്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് കോടതിയെ സമീപിച്ചത്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, അപ്പോളോ ആശുപത്രി അധികൃതര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി. മുഖ്യമന്ത്രിയുടെ ചിത്രങ്ങളോടൊപ്പം മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കാന്‍ ആശുപത്രി അധികൃതരോട് നിര്‍ദേശിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മുമ്പ് അവകാശപ്പെട്ടതുപോലെ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടാല്‍ മതിയെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

അതേസമയം, ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അപ്പോളോ ആശുപത്രി ഇന്നലെ രാത്രി ഏഴുമണിയോടെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved