Latest News :
Home » , » 'ചെളിയില്‍ വിരിയാറുള്ള താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നത്': മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കനയ്യകുമാര്‍

'ചെളിയില്‍ വിരിയാറുള്ള താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നത്': മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കനയ്യകുമാര്‍

Written By Muhimmath News on Tuesday, 11 October 2016 | 11:22

തിരുവനന്തപുരം: ബി.ജെ.പി കേരളത്തിലും അക്കൗണ്ട് തുറന്നതിന്റെ അപകടം തിരിച്ചറിയണമെന്ന് കനയ്യകുമാര്‍. ചെളിയില്‍ വിരിയാറുള്ള താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നത്. അങ്ങനെയുള്ള താമരയ്ക്ക് പുരോഗമനസമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിലും ഇടംകിട്ടിയതിനെ അപകടം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് എ.ഐ.വൈ.എഫ് സംഘടിപ്പിച്ച വര്‍ഗീയ സാമ്രാജ്യത്വവിരുദ്ധ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണ് കനയ്യകുമാര്‍ ഉയര്‍ത്തിയത്. നരേന്ദ്രമോദി പ്രൈം മിനിസ്റ്ററല്ല, പ്രൈം മോഡലാണെന്നാണ് മോദിയെ പരിഹസിച്ച് അദ്ദേഹം പറഞ്ഞത്. റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ മോദി പ്രത്യക്ഷപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് കനയ്യകുമാര്‍ ഇങ്ങനെ പറഞ്ഞത്.

മോദി ട്വീറ്റു ചെയ്തതുകൊണ്ട് നാടുനന്നാകില്ല. സ്‌കില്‍ ഇന്ത്യയല്ല കില്‍ ഇന്ത്യയാണ് ഇവിടെ നടപ്പാക്കുന്ന പദ്ധതി. മോദിയെ വിമര്‍ശിച്ചാല്‍ പാകിസ്ഥാനില്‍ പോകണമെന്നാണ് പറയുന്നത്. ഇങ്ങനെ പോയാല്‍ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം വീണ്ടും ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന്റേത് കപട ദേശഭക്തിയാണെന്നും കനയ്യകുമാര്‍ പറഞ്ഞു. ദേശഭക്തിയെ മോദിഭക്തിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്.
വര്‍ഗീയതയെ എതിര്‍ക്കുന്നവരെയെല്ലാം ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ വര്‍ഗീയതയെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കനയ്യ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved