Latest News :
Home » , » കാര്യങ്കോട് ജലോത്സവം; അഴീക്കോടന്‍ അച്ചാംതുരുത്തി ജലരാജാവ്

കാര്യങ്കോട് ജലോത്സവം; അഴീക്കോടന്‍ അച്ചാംതുരുത്തി ജലരാജാവ്

Written By Muhimmath News on Monday, 3 October 2016 | 10:58

ചെറുവത്തൂര്‍ : കാര്യങ്കോട് പുഴയുടെ ഓളങ്ങള്‍ കീറിമുറിച്ചു ചാട്ടുളി പോലെ വള്ളപ്പാട് ദൂരത്തില്‍ പാഞ്ഞുകയറി അഴീക്കോടന്‍ അച്ചാംതുരുത്തി മഹാത്മജി ട്രോഫിയില്‍ മുത്തമിട്ടു. വീശിയെറിഞ്ഞ പങ്കായം വാനോളം ഉയര്‍ത്തിയ ഇഞ്ചോടിഞ്ച് പോരാടിയാണ് ഇവര്‍ ജലരാജപട്ടം ചൂടിയത്. എകെജി മയിച്ചയാണ് രണ്ടാമതെത്തിയത്. വനിതകളുടെ 15 ആള്‍ തുഴയും മത്സരത്തില്‍ എകെജി മയിച്ചയാണ് കിരീടം ചൂടിയത്. കൃഷ്ണപിള്ള കാവുഞ്ചിറ രണ്ടാം സ്ഥാനം നേടി. പുരുഷന്മാരുടെ 15 ആള്‍ തുഴയും മത്സരത്തിന്റെ ഫലം പിന്നീട് പ്രഖ്യാപിക്കും. 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ചെറുവത്തൂര്‍, നീലേശ്വരം തദ്ദേശ സ്ഥാപനങ്ങള്‍, ജനകീയ സംഘാടക സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജലോത്സവം റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പി.കരുണകരന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. നെഹ്‌റു ട്രോഫി വള്ളം കളിയില്‍ നടുഭാഗം ചുണ്ടന് വേണ്ടി മത്സരിച്ച ക്ലബുകളെ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍ ആദരിച്ചു. മത്സരം ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഫഌഗ് ഓഫ് ചെയ്തു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ജലഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകി, അഡ്വ. സി.കെ.ശ്രീധരന്‍, ടി.വി.കണ്ണന്‍, വി.വി.സുനിത, വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.രാധ, കെ.വി.കുഞ്ഞിരാമന്‍, എം.വി.ജയശ്രീ, ടി.വി.ഗോവിന്ദന്‍, എം.സി.ഖമറുദ്ദീന്‍, പി.എ. നായര്‍, എം.ഭാസ്‌കരന്‍, എം.അനന്തന്‍ നമ്ബ്യാര്‍, എം.പി.പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. 

സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved