Latest News :
Home » , » ബന്ധു നിയമനങ്ങളില്‍ പരാതിയുമായി ജോസഫൈന്‍; തിരുത്തലുണ്ടാകുമെന്ന് യെച്ചൂരി

ബന്ധു നിയമനങ്ങളില്‍ പരാതിയുമായി ജോസഫൈന്‍; തിരുത്തലുണ്ടാകുമെന്ന് യെച്ചൂരി

Written By Muhimmath News on Wednesday, 12 October 2016 | 12:05

തിരുവനന്തപുരം: സിപിഎമ്മിലെ ബന്ധു നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. സര്‍ക്കാരിന്റെ ഉന്നത സ്ഥാനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചതുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ എം.സി.ജോസഫൈന്‍ പരാതിയുമായി രംഗത്തുവന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഔദ്യോഗികമായി ജോസഫൈന്‍ പരാതി നല്‍കി.

ബന്ധുനിയമനങ്ങളില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്നും യോഗ്യതയില്ലാത്ത നിയമനങ്ങളെല്ലാം റദ്ദാക്കണമെന്നുമാണ് ജോസഫൈന്റെ ആവശ്യം. വിഷയം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനിരിക്കേയാണ് കേന്ദ്ര കമ്മിറ്റി അംഗം തന്നെ പരാതിയുമായി രംഗത്തുവന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.

അതിനിടെ ബന്ധു നിയമനങ്ങളില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് തന്നെ പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

മുന്‍ മന്ത്രിയും എംപിയുമായ പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസിന്റെ എംഡിയായി നിയമിച്ചതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ.ശ്രീമതി. സുധീറിന്റെ നിയമനം സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടായതിന് പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ബന്ധു നിയമനങ്ങളില്‍ തുടര്‍ച്ചയായി പരാതികള്‍ ഉയരുന്നത്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരായി നിയോഗിച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും നേതാക്കളുടെ ബന്ധുക്കളോ അടുപ്പക്കാരോ ആണെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ നേതാവും ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകനുമായ പി.വി.ശ്രീനിജന്റെ ഭാര്യയ്ക്കും സര്‍ക്കാര്‍ അഭിഭാഷക പദവി നല്‍കിയത് പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved