Latest News :
Home » , » സ്പീക്കര്‍ നടത്തിയ ചര്‍ച്ചയും പരാജയം; പ്രതിപക്ഷം സഭ വിട്ടു

സ്പീക്കര്‍ നടത്തിയ ചര്‍ച്ചയും പരാജയം; പ്രതിപക്ഷം സഭ വിട്ടു

Written By Muhimmath News on Monday, 3 October 2016 | 11:37

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ചോദ്യോത്തരവേളയില്‍ത്തന്നെ പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തി. പ്രതിപക്ഷ എം.എല്‍.എമാര്‍ നിരാഹാരം തുടങ്ങി ആറുദിവസമായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനാല്‍ സമരം ശക്തമാക്കാന്‍ രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സഭ തുടങ്ങിയപ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തി. എം.എല്‍.എമാര്‍ സമരം ചെയ്യുന്ന പടങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്.

നിരാഹാരം കിടക്കുന്ന എം.എല്‍.എമാരുടെ ആരോഗ്യസ്ഥിതി മോശമായെന്നും വിഷയം ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല് പറഞ്ഞു. 

തുടര്‍ന്ന് വിഷയത്തില്‍ സമവായ ചര്‍ച്ചക്ക് ചെയര്‍ ശ്രമിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും അതില്‍ പ്രതിപക്ഷം തൃപ്തരായില്ല. സ്പീക്കര്‍ ഇക്കാര്യം ആവര്‍ത്തിച്ചെങ്കിലും അത് നടക്കില്ലെന്ന് പറഞ്ഞ് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചെയറിന് മുന്നില്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുനിന്ന പ്രതിപക്ഷത്തോട് ഇരിപ്പിടങ്ങളിലേക്ക് മടങ്ങാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. 

ചോദ്യോത്തരവേള നടത്തിക്കൊണ്ടുപോകാന്‍ കഴിയാതായതോടെ സ്പീക്കര്‍ സഭ തല്‍കാലത്തേക്ക് നിറുത്തിവച്ചു. പുറത്തുപോകാന്‍ കൂട്ടാക്കാതെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് സ്പീക്കറുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.കെ. ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍, ചര്‍ച്ചയില്‍ സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved