Latest News :
Home » , , » ബന്ധു നിയമനം; താന്‍ അറിയേണ്ട കാര്യമില്ല: മുഖ്യമന്ത്രി

ബന്ധു നിയമനം; താന്‍ അറിയേണ്ട കാര്യമില്ല: മുഖ്യമന്ത്രി

Written By Muhimmath News on Monday, 17 October 2016 | 11:53

തിരുവനന്തപുരം: ബന്ധു നിയമന വിവാദവും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളും ബന്ധു നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവാദ നിയമനങ്ങള്‍ തന്റെ പരിഗണനയിലോ അറിവിലോ വന്നിട്ടില്ല. താന്‍ അറിയേണ്ട കാര്യവുമില്ല. നിയമനങ്ങള്‍ വകുപ്പ് മന്ത്രി അറിഞ്ഞാല്‍ മതിയെന്നും പിണറായി വിശദീകരിച്ചു.

കഴിഞ്ഞ സര്‍ക്കാറിന്റെ ചില നടപടികളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. യു.ഡി.എഫ് സര്‍ക്കാറിലെ പലരും കുറ്റക്കാരാണെന്ന് കോടതികള്‍ പറഞ്ഞിരുന്നു. മനഃസാക്ഷിക്ക് മുമ്പില്‍ അവര്‍ കുറ്റക്കാരല്ലെന്നാണ് അന്നത്തെ ഭരണപക്ഷത്തിലെ നേതാക്കള്‍ നിലപാട് സ്വീകരിച്ചത്. പലര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തെളിവില്ലെന്നും തെളിവുകള്‍ കൊണ്ടുവന്നപ്പോള്‍ കോടതിയില്‍ തെളിയിക്കട്ടെ എന്നും പറഞ്ഞു. അങ്ങനെ അധികാരത്തില്‍ കടിച്ചു തൂങ്ങുകയല്ല ജയരാജന്‍ ചെയ്തതെന്നും പിണറായി ചൂണ്ടിക്കാട്ടി.

സഭാ നടപടികള്‍ നിയന്ത്രിച്ചിരുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഇന്ന് അബദ്ധം സംഭവിച്ചു. ശൂന്യവേളയില്‍ സഭാ ചട്ടം 64 പ്രകാരം രാജിവെച്ച മന്ത്രി ഇ.പി ജയരാജനെ പ്രത്യേക പ്രസ്താവന നടത്താന്‍ ക്ഷണിക്കേണ്ടതാണ്. എന്നാല്‍, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ഡി സതീശനെ വിഷയം അവതരിപ്പിക്കാന്‍ ക്ഷണിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അബദ്ധം മനസിലാക്കിയ സ്പീക്കര്‍ ജയരാജനെ പ്രസ്താവന നടത്താന്‍ ക്ഷണിക്കുകയായിരുന്നു.
എന്നാല്‍ പ്രതിപക്ഷം മാധ്യമങ്ങളെ ഉപയോഗിച്ച് തന്നെ വേട്ടയാടിയെന്ന് ജയരാജന്‍ ആരോപിച്ചു. വേണമെങ്കില്‍ രക്തം തരാമെന്നും രാജ്യത്തിനുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും നിയമ സഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
വ്യവസായ വകുപ്പില്‍ അഴിമതി ശക്തമായിരുന്നു. മന്ത്രിയായശേഷം ഇതേക്കുറിച്ചു പഠിച്ചു നടപടിയെടുത്തു. വ്യവസായ മേഖല തകര്‍ച്ച നേരിട്ടപ്പോഴാണ് ചുമതല ഏറ്റെടുത്തത്. മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ സ്വാധീനിക്കാന്‍ ആര്‍ക്കുമായില്ല. കെടുകാര്യസ്ഥതക്കെതിരെ ശക്തമായ നടപടികള്‍ എടുത്തത് ശത്രുക്കളെ ഉണ്ടാക്കി. പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ചട്ടവും നിയമവും പാലിച്ചിരുന്നു. എന്നാല്‍ അഴിമതിക്കെതിരായ നടപടികള്‍ ചിലരെ അലോസരപ്പെടുത്തി. 12 ദിവസങ്ങള്‍ മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയെന്നും അദ്ദേഹം പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved