Latest News :
Home » , , » മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Tuesday, 4 October 2016 | 20:29

കാഞ്ഞങ്ങാട്: നഗര മധ്യത്തില്‍ മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍. പുതുക്കൈ ദിവ്യം പാറയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മജീദ്-സെറീന ദമ്പതികളുടെ മകള്‍ ഫാത്തിമയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച തമിഴ്‌നാട് ഉഴുന്തൂര്‍പേട്ട കുന്നന്തൂര്‍ വിപ്രം മാവട്ടത്തെ പിചൈക്കാരന്റെ മകന്‍ നടയ (65)യെയാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ പോയി തിരിച്ചുവരുമ്പോള്‍ നോര്‍ത്ത് കോട്ടച്ചേരിയില്‍ ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തി മജീദ് ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു. ഈ സമയം കുഞ്ഞ് സീറ്റില്‍ ഉറങ്ങികിടക്കുകയും മാതാവ് സെറിന മറുഭാഗത്ത് ഇരിക്കുകയുമായിരുന്നു. ഇതിനിടയില്‍ ഓട്ടോ റിക്ഷയുടെ പിന്നിലൂടെ പതുങ്ങി വന്ന നടയ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സറീന ഉച്ചത്തില്‍ നിലവിളിച്ചതോടെ കുട്ടിയെ സീറ്റില്‍ തന്നെ ഉപേക്ഷിച്ച് നടയ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

സറീനയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മജീദും പരിസരവാസികളും ഇയാളെ പിന്തുടര്‍ന്ന് പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തിലെ കണ്ണിയാണെന്ന് സംശയിക്കുന്നു. ജില്ലയില്‍ പല ഭാഗങ്ങളിലും ഇത്തരത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും അധ്യാപകരും സ്‌കൂള്‍ അധികൃതരും ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved