Latest News :
Home » , » യുദ്ധഭീതി: അതിര്‍ത്തിയില്‍ കൂട്ടപ്പലായനം , രാജ്യമാകെ അതീവജാഗ്രത

യുദ്ധഭീതി: അതിര്‍ത്തിയില്‍ കൂട്ടപ്പലായനം , രാജ്യമാകെ അതീവജാഗ്രത

Written By Muhimmath News on Saturday, 1 October 2016 | 10:26

ന്യൂഡല്‍ഹി: സൈന്യത്തെയോ ഭീകരരെയോ ഉപയോഗപ്പെടുത്തി പാകിസ്ഥാന്റെ ഭാഗത്തുനിന്ന് തിരിച്ചടിക്ക് സാധ്യതയേറിയതോടെ രാജ്യം കനത്ത ജാഗ്രതയില്‍. 

നവരാത്രി ഉത്സവാഘോഷങ്ങള്‍ ആരംഭിച്ചതോടെ ഡല്‍ഹി ഉള്‍പ്പെടെ എല്ലാ മെട്രോനഗരങ്ങളിലും രണ്ടാഴ്ചത്തേക്ക് അതീവജാഗ്രത പാലിക്കും. പഞ്ചാബ് ഉള്‍പ്പെടെ അതിര്‍ത്തിപ്രദേശത്തുനിന്ന് ഗ്രാമീണരെ യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിച്ചു. നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും കാവല്‍ ശക്തമാക്കി. സുരക്ഷ വിലയിരുത്തുന്നതിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.

പാക്‌സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ സൈനികനെ വിട്ടുകിട്ടാന്‍ ശ്രമം തുടരുകയാണ്. 37 രാഷ്ട്രീയ റൈഫിള്‍സിലെ ചന്ദുബാബുലാല്‍ ചൌഹാനാണ് വ്യാഴാഴ്ച പിടിയിലായത്. ചൌഹാന്‍ പാക് പിടിയിലായെന്ന് ഇന്ത്യയും പാകിസ്ഥാനും സ്ഥിരീകരിച്ചു. അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്ന നിലപാടിലാണ് കരസേന. സൈനികരും ഗ്രാമീണരും നിയന്ത്രണരേഖ കടക്കാറുണ്ട്. അവരെ കൈമാറാന്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളുമുണ്ട്. ഇതുപാലിച്ച് ചൌഹാനെ വിട്ടുകിട്ടണമെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ (എംഒഡിജി) രണ്‍ബീര്‍ സിങ് ഹോട്ട് ലൈനില്‍ പാക് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ പ്രതികരിച്ചിട്ടില്ല.

ഛാബ് മേഖലയില്‍നിന്ന് സായുധനായ ഇന്ത്യന്‍ സൈനികനെ പിടികൂടിയെന്നും ചോദ്യംചെയ്തു വരികയാണെന്നും പാക്‌സൈന്യം അറിയിച്ചു. നികായലിലെ സൈനിക ആസ്ഥാനത്ത് തടങ്കലിലാണ് ചൌഹാനെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിയന്ത്രണരേഖയിലെ വെടിവയ്പില്‍ 14 ഇന്ത്യന്‍സൈനികര്‍ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ചില മാധ്യമങ്ങള്‍ ചിത്രങ്ങളും പുറത്തുവിട്ടു. സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പുറത്തുവിടുന്നതെന്നും ഇന്ത്യന്‍ കരസേന അറിയിച്ചു. വ്യാഴാഴ്ചത്തെ സൂക്ഷ്മതല ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് മാത്രമാണ് പരിക്കേറ്റത്. സൈനികര്‍ കൊല്ലപ്പെട്ടാല്‍ അത് മറച്ചുവയ്ക്കുന്ന പാരമ്പര്യമല്ല ഇന്ത്യയ്ക്കുള്ളതെന്ന് കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

പാക് അധീന കശ്മീരിലെ തത്തപാനിയില്‍ എട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് അവകാശവാദം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved