Latest News :
Home » , » ദാദ്രി കൊലക്കേസ് പ്രതിയുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബം

ദാദ്രി കൊലക്കേസ് പ്രതിയുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബം

Written By Muhimmath News on Friday, 7 October 2016 | 11:32

ബിസാര (ഉത്തര്‍പ്രദേശ്): മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതക കേസിലെ പ്രതിയുടെ മൃതദേഹവുമായി വീട്ടുകാരുടെ പ്രതിഷേധം. 

ഗോമാസം വീട്ടില്‍ സൂക്ഷിച്ചെന്ന് ആരോപിച്ചാണ് അമ്പതുകാരനായ അഖ്‌ലക്കിനെ ഒരുകൂട്ടം ആളുകള്‍ തല്ലിക്കൊന്നത്. കേസില്‍ പ്രതിയായി ജയിലാക്കപ്പെട്ട ഇരുപത്തിരണ്ടുകാരനായ രവി സിസോദിയയുടെ കുടുംബമാണ് മൃതദേഹവുമായി പ്രതിഷേധം നടത്തുന്നത്. ഇയാളുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച് അതിനു മുകളില്‍ ദേശീയപതാക പുതപ്പിച്ചാണ് കുടുംബം പ്രതിഷേധവുമായി രംഗത്തുള്ളത്. അഖ്‌ലഖ് കേസില്‍ രവി ഉള്‍പ്പെടെ 18 പേരാണ് അറസ്റ്റിലായത്. 

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുടുംബം സമരം നടത്തുന്നത്. രവിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രവിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഗ്രേറ്റര്‍ നോയിഡയിലെ ജയിലിലായിരുന്ന രവിയെ കടുത്ത വയര്‍വേദനയെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക തകരാറിനെത്തുടര്‍ന്ന് രവി മരിച്ചതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കഴിഞ്ഞ രാത്രിയാണ് രവിയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. 

രവി വിഷാംശം ഉള്ളില്‍ചെന്നാണ് മരിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം. ജയിലിനുള്ളില്‍ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നതായും വീട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങള്‍ പോലീസ് തള്ളി.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved