തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് പുനപ്പരിശോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്റുകളും തമ്മിലുള്ള ചര്‍ച്ച സമവായത്തില്‍ എത്തിയില്ല. ഫീസിളവിന് തയ്യാറല്ലെന്ന് മാനേജ്മെന്റുകള്‍ നിലപാട് കടുപ്പിച്ചതോടെ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി രണ്ട് വട്ടവും മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു വട്ടവും ഇന്ന് ചര്‍ച്ചകള്‍ നടത്തിയെങ്കിലും മാനേജ്മെന്റുകള്‍ നിലപാട് മാറ്റാന്‍ തയ്യാറായില്ല.
ഫീസിളവ് സംബന്ധിച്ച ചര്‍ച്ചയല്ല മുഖ്യമന്ത്രിയുമായി നടന്നതെന്ന് ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ മാനേജ്മെന്റ് പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫീസിളവ് അടഞ്ഞ അധ്യായമാണെന്നും അതേകുറിച്ച് ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്നായിരുന്നു മാനേജ്മെന്റ് പ്രതിനിധികളുടെ വാദം.
അതേസമയം, ഫീസിളവിന്റെ കാര്യത്തില്‍ മാനേജ്മെന്റുകള്‍ക്കിടയില്‍ തന്നെ ഭിന്നതയുണ്ടെന്ന് സൂചനയുണ്ട്. ഫീസിളവിന് തയ്യാറാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് എംഇഎസിന്റെ മാത്രം നിലപാടാണ് എന്നാണ് മറ്റു മാനേജ്മെന്റുകള്‍ പറയുന്നത്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക എന്ന നിര്‍ദേശവും ഇടക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ടെന്നായിരുന്നു മാനേജ്മെന്റുകളുടെ പ്രതികരണം.
Post a Comment