Latest News :
Home » » കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ച: ദൃശ്യങ്ങളും വിരലടയാളങ്ങളും ലഭിച്ചു

കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ച: ദൃശ്യങ്ങളും വിരലടയാളങ്ങളും ലഭിച്ചു

Written By Muhimmath News on Wednesday, 5 October 2016 | 19:18


 
കുണ്ടംകുഴി: കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി കുത്തിത്തുറന്ന് നാല് കിലോ വെള്ളിയും 60 പവന്‍ സ്വര്‍ണവും കവര്‍ച്ച ചെയ്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ട്.

കവര്‍ച്ച സംഘത്തിന്റേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും സംഘം എത്തിയതെന്ന് സംശയിക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും ലഭിച്ചു.



തിങ്കളാഴ്ച്ച രാത്രിയാണ് കുണ്ടംകുഴി ടൗണില്‍ പ്രവര്‍ത്തിക്കുന്ന സുമംഗലി ജ്വല്ലറിയില്‍ കൊള്ള നടന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്ത് കടന്ന കൊള്ളക്കാര്‍ സേഫ് ലോക്കര്‍ തകര്‍ത്താണ് നാലു കിലോ വെള്ളിയും 60 പവന്‍ സ്വര്‍ണ്ണവും പതിനായിരത്തില്‍പരം രൂപയും കൈക്കലാക്കിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസ്, ഡിവൈ എസ് പി. എം വി സുകുമാരന്‍, ആദൂര്‍ സി ഐ സിബിതോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ജ്വല്ലറിയില്‍ നിന്ന് സംശയകരമായ 20 ല്‍പരം വിരലടയാളങ്ങള്‍ ലഭിച്ചു. ഇവ പരിശോധിച്ചുവരികയാണ്. പരിശോധന പൂര്‍ത്തിയാകുന്നതോടെ നാടിനെ നടുക്കിയ കൊള്ളക്കേസിന് തുമ്പുണ്ടാക്കാനാകുമെന്ന് പൊലീസ് സംഘം കണക്ക് കൂട്ടുന്നു. ജ്വല്ലറി കൊള്ളക്കേസില്‍ നേരത്തെ പിടിയിലായവരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ഇത്തരക്കാരായ ആരുടെയെങ്കിലും സാന്നിധ്യം സമീപ ദിവസങ്ങളില്‍ മലയോരത്ത് ഉണ്ടായിരുന്നുവോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൊള്ള നടന്ന സുമംഗലി ജ്വല്ലറിയില്‍ സി സി ടി വി ക്യാമറ ഉണ്ടെങ്കിലും രാത്രികാലങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാറില്ല. സുരക്ഷാ കാരണങ്ങളാല്‍ ആണ് ഇതെന്ന് പറയുന്നു. പുലര്‍ച്ചെ ഒന്നിനും മൂന്നു മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയിലെ മൂന്ന് സേഫ് ലോക്കറുകളില്‍ ഒന്നു മാത്രമാണ് തകര്‍ത്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved