Latest News :
Home » , , » സുന്നി മുസ്‌ലിംകളെ ആക്ഷേപിച്ച സംഭവം; വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് സലഫികള്‍ പ്രശ്‌നം ഒതുക്കി

സുന്നി മുസ്‌ലിംകളെ ആക്ഷേപിച്ച സംഭവം; വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് സലഫികള്‍ പ്രശ്‌നം ഒതുക്കി

Written By Muhimmath News on Thursday, 6 October 2016 | 09:50

തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന മേഖലകളില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവരെ കുറിച്ച് മുഖം മിനുക്കാന്‍ മുജാഹിദ് വിഭാഗം ദേശീയ ചാനലിനു നല്‍കിയ അഭിമുഖം വിവാദമായി. കേരളത്തിലെ സുന്നികള്‍ യഥാര്‍ഥ സുന്നികളല്ലെന്നും അവര്‍ ശിയാ മുസ്‌ലിംകളാണെന്നുമുള്ള പരാമര്‍ശമാണ് ഇവര്‍ നടത്തിയത്. 

കഴിഞ്ഞ ദിവസം ഐ.എസ് ബന്ധമാരോപിച്ച് കണ്ണൂരിലും കോഴിക്കോട്ടും നിന്നുമായി എന്‍.ഐ.എ ആറുപേരെ കസ്റ്റഡിയിലെടുത്തതോടെയാണ് ദേശീയ മാധ്യമങ്ങള്‍ പടന്നയിലെത്തിയത്. പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളിലെ യുവാക്കള്‍ ഐ.എസ് ക്യാംപിലേക്ക് പോയതായ ദുരൂഹത നിലനില്‍ക്കെയായിരുന്നു ദേശീയ ചാനല്‍ പ്രദേശത്തെത്തിയത്. 

കാണാതായവര്‍ സലഫി വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നിരിക്കെ പടന്ന സലഫി മസ്ജിദിന്റെ ഭാരവാഹികളും കെ.എന്‍.എം പ്രവര്‍ത്തകരുമായ എം.കെ തസ്‌ലിം, പി.എന്‍ അര്‍ശാദ് എന്നിവരാണ് തങ്ങളുടെ മുഖം മിനുക്കാന്‍ കേരളത്തിലെ സുന്നി സമൂഹത്തെ അടച്ചാക്ഷേപിച്ചത്. 

ദേശീയ മാധ്യമം വാര്‍ത്ത പുറത്തുവിട്ടതോടെ മുജാഹിദ് നേതൃത്വവും വെട്ടിലായി. മൂന്നു മാസം മുന്‍പ് പടന്നയില്‍ നിന്നും അപ്രത്യക്ഷരായ അഞ്ചു സ്ത്രീകളും മൂന്നു കുട്ടികളുമടക്കം 17 പേരും സലഫി ആശയക്കാരും സലഫി മസ്ജിദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമാണ്. യുവാക്കളും കുടുംബങ്ങളും മതപഠനത്തിനെന്ന് പറഞ്ഞാണ് നാടുവിട്ടത്. എന്‍.ഐ.എയും സംസ്ഥാന പൊലിസും നടത്തിയ അന്വേഷണത്തില്‍ തിരോധാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 13 പേര്‍ പിടിയിലായിട്ടുണ്ട്. 

ഒരു മാസം മുന്‍പ് കണ്ണൂരില്‍ നിന്നും പിടിയിലായ ഹനീഫ മൗലവി രണ്ടു വര്‍ഷം പടന്നയിലെ സലഫികളുടെ കേന്ദ്രമായ പടന്ന കാലിക്കടവിലെ അദ്കിയ ദഅ്‌വത്ത് കേന്ദ്രത്തിലാണ് ജോലി ചെയ്തിരുന്നത്. ഈ വിഷയം ചിത്രീകരിക്കാന്‍ കൂടിയാണ് ദേശീയ ചാനല്‍ പടന്നയില്‍ എത്തിയത്. 
ഐ.എസിലേക്ക് കേരളത്തില്‍ നിന്ന് ചേക്കേറിയെന്ന് പറയപ്പെടുന്നവര്‍ സലഫി ആശയക്കാരാണെന്ന് പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് സുന്നികളെ അധിക്ഷേപിച്ച് രക്ഷപ്പെടാനുള്ള ശ്രമം സലഫികള്‍ നടത്തിയത്. 

പിടിയിലായ ഹനീഫ മൗലവിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുന്നൂറോളം പേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ സലഫി വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുപ്പതോളം പേര്‍ അന്വേഷണ സംഘത്തിന്റെ പട്ടികയിലുണ്ട്. 
നാടുവിട്ടവര്‍ രാത്രികാലങ്ങളില്‍ സലഫി മസ്ജിദില്‍ ഹനീഫ മൗലവിയുടെ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇതെല്ലാം പൊതുജനശ്രദ്ധയില്‍ നിന്നും മാറ്റാന്‍ വേണ്ടിയാണ് കേരളത്തിലെ സുന്നികള്‍ ശിയാ മുസ്‌ലിംകളാണെന്നും തങ്ങളാണ് യഥാര്‍ഥ സുന്നികളെന്നും ഇപ്പോള്‍ സലഫികള്‍ അവകാശപ്പെടുന്നത്.

വിവാദ പ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ശക്തമായതോടെ സലഫി പ്രവര്‍ത്തകര്‍ ഖേദപ്രകടനം നടത്തി തടിയൂരുകയായിരുന്നു. തൃക്കരിപ്പൂര്‍ പ്രസ് ഫോറത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഐ.എസുമായി ബന്ധപ്പെട്ട് ചോദ്യങ്ങളില്‍ നിന്നും ഇവര്‍ ഒഴിഞ്ഞുമാറുകയും ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved