Latest News :
Home » , » കോഴിക്കോഴ: കെ.എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് നിയമോപദേശകനെതിരെ അന്വേഷണം

കോഴിക്കോഴ: കെ.എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് നിയമോപദേശകനെതിരെ അന്വേഷണം

Written By Muhimmath News on Tuesday, 18 October 2016 | 17:22



തിരുവനന്തപുരം: കോഴിനികുതി വെട്ടിപ്പുകേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് നിയമോപദേശകനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത്. വിജിലന്‍സ് നിയമോപദേശകനായിരുന്ന പി.കെ മുരളീകൃഷ്ണനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് വിജിലന്‍സ് സംഘം ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിന് കത്തു നല്‍കിയത്.

മാണിക്കെതിരായ കോഴിക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. കേസ് ആദ്യം കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ അന്നത്തെ നിയമോപദേശകനായ മുരളീകൃഷ്ണ വിവരങ്ങള്‍ മറച്ചുവെച്ചു. അഴിമതിക്കേസില്‍ മാണിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. തുടങ്ങിയ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ആരോപണ വിധേയനായ മുരളീകൃഷ്ണക്ക് പുനര്‍നിയമനം നല്‍കരുതെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശകനെതിരെ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം ഉടനുണ്ടാകും.

കോഴിക്കോഴ കേസ് വിജലന്‍സ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാനും തീരുമാനിച്ചു. കോട്ടയം, തൃശൂര്‍ ജില്ലകളിലായുള്ള പരാതികളില്‍ എറണാകുളം റേഞ്ച് അന്വേഷിക്കുന്നതിന് പകരം പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഇതിന്റെ ഭാഗമായി മാണിക്കെതിരായ എഫ്.ഐ.ആര്‍ തിരുവനന്തപുരത്തേക്ക് കൈമാറി.

കോഴിക്കച്ചവടക്കാരായ തോംസണ്‍ ഗ്രൂപ്പിന് ഈടാക്കിയ 62 കോടിയുടെ പിഴ പിരിച്ചെടുക്കുന്നതില്‍ സ്റ്റേ നല്‍കി എന്ന കേസിലാണ് വിജിലന്‍സ് മാണിക്കെതിരെ എഫ്.ഐ.ആര്‍ തയാറാക്കിയത്. വിജിലന്‍സ് രജിസറ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം.മാണി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി കോടതി തള്ളിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved