ചിത്രങ്ങള്‍, പെയ്ന്റിങ്ങുകള്‍, മ്യൂറലുകള്‍, ശില്പങ്ങള് എന്നിങ്ങനെ ചിത്രകലയുടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചതിന് പുറമേ ഇതേക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള ചാവക്കാട് 1944ലാണ് യൂസഫ് അറക്കല്‍ ജനിച്ചത്. രാജകുടുംബമായ അറക്കല്‍ കുടുംബാംഗമായിരുന്ന മാതാവും വ്യവസായിയായിരുന്ന പിതാവും മരിച്ചതിനെ തുടര്‍ന്ന് ബാല്യത്തില്‍ തന്നെ നാടുവിടുകയായിരുന്നു. ബംഗളുരുവില്‍ എത്തിയ ഇദ്ദേഹം പിന്നീട് കര്‍ണാടക ചിത്രകലാ പരിഷത്ത് കോളേജ് ഓഫ് ഫൈനാര്‍ട്സില്‍ നിന്ന് കലാ പരിശീലനം നേടി. ഡല്‍ഹിയിലെ നാഷണല്‍ അക്കാദമി ഓഫ് കമ്യൂണിറ്റി സ്റ്റുഡിയോയില്‍ നിന്ന് ഗ്രാഫ്ക് പ്രിന്റില്‍ പരിശീലനം നേടി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഭാര്യ സാറയോടൊത്ത് ബംഗളുരുവിലായിരുന്നു സ്ഥിരതാമസം.
ദേശീയവും അന്തര്‍ദ്ദേശീയവുമായ ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഫ്രാന്‍സിലെ ലോറെന്‍സോ ഡി മെഡിസി എന്ന വിഖ്യാത പുരസ്ക്കാരം ഈയടുത്താണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 1986ല്‍ ധാക്കയില്‍ വെച്ച് നടന്ന ഏഷ്യന്‍ ആര്‍ട്ട് ബിനാലെയില്‍ പ്രത്യേക അവാര്‍ഡ് ലഭിച്ചു. 1979ലും 1981ലും കര്‍ണാടക ലളിത കലാ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1989ല്‍ കര്‍ണാടക ലളിത കലാ അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു. 2012ല്‍ കേരള സര്‍ക്കാരിന്റെ രാജാ രവിവര്‍മ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
Post a Comment