Latest News :
Home » , » പൊലീസിന്റെ വീഴ്ച യു.ഡി.എഫ് കാലത്തെ ഹാങ് ഓവര്‍ കാരണമെന്ന് മുഖ്യമന്ത്രി

പൊലീസിന്റെ വീഴ്ച യു.ഡി.എഫ് കാലത്തെ ഹാങ് ഓവര്‍ കാരണമെന്ന് മുഖ്യമന്ത്രി

Written By Muhimmath News on Tuesday, 2 May 2017 | 18:49



തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് യു.ഡി.എഫ് ഭരണ കാലത്തെ ഹാങ് ഓവര്‍ കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടക്കാന്‍ പാടില്ലാത്ത പല സംഭവങ്ങളും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായി. എല്‍.ഡി.എഫ് നയം ചില പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളാത്തതാണ് ഇതിന് കാരണം. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അസാധരണമായ കുറ്റങ്ങള്‍ക്ക് മാത്രമേ യു.എ.പി.എ ചുമത്താവൂ എന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതില്‍ തെറ്റില്ല. എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് അദ്ദേഹം ഡി.ജി.പിയായി പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ പിന്നെ ഉപദേശകനാക്കുന്നതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കാപ്പ നിയമം ചുമത്തരുത്. മൂന്നാം മുറ പാടില്ല. പരാതിയുമായി വരുന്ന ജനങ്ങളോട് പോലീസുകാര്‍ മോശമായി പെരുമാറരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടുത്തി പോലീസ് ഡാറ്റാ ബാങ്ക് എത്രയും വേഗത്തില്‍ തയാറാക്കും. ഭീകര സംഘടനകളില്‍ മലയാളികള്‍ ചേര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് കാണാതായവരെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved