Latest News :
Home » , » ഡീസല്‍ വില്‍പ്പനയില്‍ തട്ടിപ്പ്: മിയാപദവ് പെട്രോള്‍ പമ്പ് മുദ്രവച്ചു

ഡീസല്‍ വില്‍പ്പനയില്‍ തട്ടിപ്പ്: മിയാപദവ് പെട്രോള്‍ പമ്പ് മുദ്രവച്ചു

Written By Muhimmath News on Tuesday, 30 May 2017 | 19:50

മീഞ്ച: അളവുകുറച്ചും നിശ്ചിതവിലയെക്കാള്‍ കൂടിയ വില ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയും ഡീസല്‍ വില്‍ക്കുകയായിരുന്ന മിയാപദവിലെ പെട്രോള്‍ബങ്ക് ലീഗല്‍ മെട്രോളജി അസി.കണ്‍ട്രോളര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ മുദ്രവച്ചു. ഈ മാസം 15നു ഡീസലിനു ഓയില്‍ കമ്പനികള്‍ രണ്ടു രൂപ വിലകുറച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ഇന്നലെ വരെ നേരത്തേയുള്ള വിലക്കു തന്നെയാണ് മിയാപദവിലെ പെട്രോള്‍ പമ്പ് ഡീസല്‍ വിറ്റതെന്ന് അന്വേഷണത്തില്‍ കണ്ടുപിടിച്ചു. ഇതിനെത്തുടര്‍ന്നാണ് ഈ പെട്രോള്‍ പമ്പ് മുദ്രവച്ചത്.

പെട്രോള്‍ പമ്പുകളിലെ കൗണ്ടിംഗ് മെഷീനില്‍ ചിപ്പ് ഉപയോഗിച്ചു പള്‍സ് കൂട്ടിക്കാണിക്കുകയും അങ്ങനെ നല്‍കാത്ത ഡീസല്‍ നല്‍കിയതായി മീറ്ററില്‍ കാണിച്ച് അതിന് വില ഈടാക്കുകയുമായിരുന്നു പതിവെന്നു പറയുന്നു. ഉത്തര്‍പ്രദേശ് ആസ്ഥാനമായി ഒരു സംഘം ഇതിനു വേണ്ടി പ്രത്യേക ചിപ്പുകള്‍ ഇറക്കിയതായി കേന്ദ്രസര്‍ക്കാര്‍ കണ്ടുപിടിക്കുകയും അളവും വിലയും ഉപയോഗിച്ചു തട്ടിപ്പാക്കുന്ന പെട്രോള്‍ ഡീസല്‍ ബങ്കുകള്‍ കണ്ടു പിടിച്ചു നടപടിയെടുക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുകയും ചെയ്തിരുന്നു. കാസര്‍കോട് ലീഗല്‍ മെട്രോളജി അസി.കണ്‍ട്രോളര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ നിയോഗിച്ച പ്രത്യേക സ്‌ക്വാഡാണ് തട്ടിപ്പു കണ്ടുപിടിച്ചത്. ഉപഭോക്താക്കളെ വഞ്ചിക്കുകയും അളവില്‍ കൃത്രിമം കാണിക്കുകയും ചെയ്തുവെന്നു കണ്ടുപിടിക്കപ്പെട്ടതിനെത്തുടര്‍ന്നു പെട്രോള്‍ ബങ്ക് സീല്‍ ചെയ്യുകയും ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. വിവരം ഡീസല്‍ വിതരണക്കമ്പനിയായ ഐ ഒ സിയെയും അറിയിച്ചു. പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുകയും കുറക്കുകയും ചെയ്യുന്നത് ഓയില്‍ കമ്പനി പ്രതിനിധികള്‍ അപ്പപ്പോള്‍ രാജ്യത്തെ മുഴുവന്‍ പെട്രോള്‍ ബങ്കുകളിലും അറിയിക്കാറുണ്ട്. വിവരം ലഭിച്ചാലുടന്‍ കൗണ്ടിംഗ് മെഷീനില്‍ അതു ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ 15നു ഡീസലിനു ലിറ്ററിനു രണ്ടു രൂപ കുറച്ചിരുന്നെങ്കിലും മിയാപ്പദവില്‍ ഇന്നലെ വൈകിട്ടുവരെ നേരത്തേയുള്ള വില തന്നെ ഈടാക്കുകയായിരുന്നു.

ഇതിനു പുറമെ കൃത്രിമ ചിപ്പുപയോഗിച്ചു അധിക വില ഈടാക്കുകയുമായിരുന്നു. ഇതു സംബന്ധിച്ചു ഡ്രൈവര്‍മാരും പമ്പുടമകളും തമ്മില്‍ വാക്കേറ്റവും പതിവായിരുന്നു. പരിശോധനാ സംഘത്തില്‍ ഫഌിംഗ് സ്‌ക്വാഡ് അംഗങ്ങളായ നിധിന്‍, മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീകുമാര്‍, ഗോപകുമാര്‍, ശ്രീജിത്ത് എന്നിവരുമുണ്ടായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved