Latest News :
Home » » പോസ്റ്റ്മാന്‍ മെയില്‍ഗാര്‍ഡ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നു; ഹരിയാന സ്വദേശി അറസ്റ്റില്‍

പോസ്റ്റ്മാന്‍ മെയില്‍ഗാര്‍ഡ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നു; ഹരിയാന സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Monday, 8 May 2017 | 18:16

വിദ്യാനഗര്‍: പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പോസ്റ്റ്മാന്‍ മെയില്‍ഗാര്‍ഡ് ഒഴിവിലേക്ക് നടന്ന പരീക്ഷയുടെ ചോദ്യം ചോര്‍ന്നു. ഇതുസംബന്ധിച്ച് തപാല്‍ വകുപ്പും പരീക്ഷ സെന്ററായ വിദ്യാനഗര്‍ ചിന്മയ വിദ്യാലയം അധികൃതരും നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഹരിയാന സ്വദേശിയെ അറസ്റ്റ് ചെയ്തു. ഹരിയാന സോണിപ്പത്ത് ഗോരാറിലെ ഗുല്‍ബന്ത്(22)ആണ് അറസ്റ്റിലായത്.

ഇന്നലെയാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പോസ്റ്റ്മാന്‍ മെയില്‍ഗാര്‍ഡ് ഒഴിവിലേക്കുള്ള പരീക്ഷ നടന്നത്. വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ പരീക്ഷാ സെന്ററിലേക്ക് മൊബൈല്‍ ഫോണുമായി എത്തിയ ഗുല്‍ബന്തിനെ പിടിച്ചതോടെയാണ് ചോദ്യം ചോര്‍ന്നത് പുറത്തറിഞ്ഞത്. ഉദ്യോഗാര്‍ഥികളെ പരിശോധിച്ചശേഷമായിരുന്നു പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. എന്നാല്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ സൂക്ഷിച്ച് അകത്തേക്ക് കടന്ന ഗുല്‍ബന്തില്‍ നിന്ന് എക്‌സാമിനേഷന്‍ ഇന്‍വിജിലേറ്റര്‍ ഷമീന അമീര്‍ ഫോണ്‍ പിടിച്ചുവാങ്ങി. പരീക്ഷ തുടങ്ങിയതുമുതല്‍ അതില്‍ ഉത്തര സൂചന സന്ദേശങ്ങളായി എത്തുകയായിരുന്നു.

100 മാര്‍ക്കിനുള്ള പരീക്ഷയില്‍ ആദ്യത്തെ 25 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ പ്രാദേശിക ഭാഷയിലാണ്. കേരളത്തിലെ സെന്ററുകളില്‍ മലയാളത്തിലായിരുന്നു ഇത്. ഈ ചോദ്യങ്ങള്‍ക്കടക്കം മുഴുവന്‍ ഉത്തരങ്ങളും സൂചിപ്പിച്ചുള്ള സന്ദേശമാണ് മൊബൈല്‍ ഫോണില്‍ ലഭിച്ചത്. ഇതോടെ വിദ്യാലയം അധികൃതര്‍ വിദ്യാനഗര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ഗുല്‍ബന്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്ത് 600ഓളം പോസ്റ്റ്മാന്‍ മെയിന്‍ഗാര്‍ഡ് ഒഴിവാണുള്ളത്. പത്താംക്ലാസ് യോഗ്യതയുള്ള ജോലിക്കായി ഒരു ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളാണ് ഇന്നലെ വിവിധ ഭാഗങ്ങളിലായി പരീക്ഷ എഴുതിയത്.

കാസര്‍കോട് ഗവ. കോളേജിലും വിദ്യാനഗര്‍ ചിന്മയ കോളേജിലുമായുള്ള സെന്ററുകളില്‍ പരീക്ഷ എഴുതാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. കൂടുതലും ഇതര സംസ്ഥാനത്തുനിന്നുള്ളവരായിരുന്നു. ചോദ്യം ചോര്‍ന്നത് എങ്ങിനെയെന്നത് വ്യക്തമായിട്ടില്ല. ചോദ്യപേപ്പറിന്റെ കോഡ് നമ്പര്‍ ലഭിച്ചതോടെ ഉത്തരം സംബന്ധിച്ചുള്ള സൂചനകള്‍ സന്ദേശമായി പല ഉദ്യോഗാര്‍ത്ഥികളുടടെയും ഫോണുകളിലേക്ക് അജ്ഞാത കേന്ദ്രത്തില്‍ നിന്ന് അയച്ചതാകുമെന്നാണ് സംശയിക്കുന്നത്. ഇതിന് പിന്നില്‍ വലിയൊരു ലോബി തന്നെയുണ്ടെന്നാണ് സംശയിക്കുന്നത്. ഇതേ കുറിച്ച് അന്വേഷിച്ചുവരികയാണ്. തപാല്‍ വകുപ്പിനാണ് പരീക്ഷയുടെ മേല്‍നോട്ടമെങ്കിലും മണിപ്പാല്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനമാണ് പരീക്ഷ നടത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved