Latest News :
Home » , » ഹിസ്ബുള്‍ നേതാവിന്റെ വധം: കശ്മീരില്‍ കര്‍ഫ്യൂ, ഒരാള്‍ കൊല്ലപ്പെട്ടു

ഹിസ്ബുള്‍ നേതാവിന്റെ വധം: കശ്മീരില്‍ കര്‍ഫ്യൂ, ഒരാള്‍ കൊല്ലപ്പെട്ടു

Written By Muhimmath News on Sunday, 28 May 2017 | 10:55



ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ഭട്ടിന്റെ വധത്തില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചതു മുതല്‍ കശ്മീരിലെ പുല്‍വാമ, ഷോപിയാന്‍, അനന്ത്‌നാഗ്, സോബോര്‍, കുപ് വാര, ശ്രീനഗര്‍ എന്നീ പ്രദേശങ്ങളിലെല്ലാം ജനങ്ങളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം സര്‍ക്കാര്‍ വിച്ഛേദിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് കടകളടച്ചിടാന്‍ വിഘടനവാദി ഗ്രൂപുകളും ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാച്ചിട്ടുണ്ട്.

ത്രാലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായ സബ്‌സര്‍ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരില്‍ നിന്ന് നുഴഞ്ഞുകയറിയ ആറ് തീവ്രവാദികളെ സൈന്യം വധിച്ച വാര്‍ത്ത വന്നതിന് തൊട്ടുപിറകെയാണ് ഭട്ടിന്റെ മരണവും സ്ഥിരീകരിച്ചത്.

ഏറ്റുമുട്ടലുകളെ നിയമവിധേയമല്ലാത്ത കൂട്ടക്കൊല എന്നാണ് പാകിസ്താന്‍ വിശേഷിപ്പിച്ചത്. നിസ്സഹായരായ കശ്മീരികളെ ഇന്ത്യ ദയാരഹിതമായി കൊന്നൊടുക്കുകയാണെന്നും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കി കശ്മീരില്‍ പാകിസ്താന്‍ നടത്തുന്ന നിഴല്‍യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യയും തിരിച്ചടിച്ചു. ബുര്‍ഹാന്‍ വാനിയുടെ വധത്തിന് ശേഷം കശ്മീര്‍ താഴ്വരയില്‍ ഇന്ത്യ വിരുദ്ധ വികാരം ശക്തമായിരിക്കുകയാണ്. തുടര്‍ന്നുണ്ടായ തെരുവുയുദ്ധത്തില്‍ ഏകദേശം നൂറോളം പേര്‍ കൊല്ലപ്പെടുകയും സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയുമുണ്ടായി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved