Latest News :
Home » , , , , , » മഅ്ദനിക്കെതിരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാട് തന്റെ കഷ്ടകാലത്തിന് കാരണമായി: ജേക്കബ് തോമസ്

മഅ്ദനിക്കെതിരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാട് തന്റെ കഷ്ടകാലത്തിന് കാരണമായി: ജേക്കബ് തോമസ്

Written By Muhimmath News on Wednesday, 17 May 2017 | 11:49

കോട്ടയം: മഅ്ദനിക്കെതിരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന തന്റെ നിലപാടാണ് കഷ്ടകാലത്തിന് തുടക്കം കുറിച്ചതെന്ന് ഡി.ജി.പിയും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ഡോ. ജേക്കബ് തോമസ്. ഔദ്യോഗിക ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളും അനുഭവിച്ച വേദനകളും പ്രതിപാദിക്കുന്ന സര്‍വിസ് സ്‌റ്റോറിയിലാണ് ജേക്കബ് തോമസ് മഅ്ദനി കേസിലെ നിലപാട് കഷ്ടകാലത്തിന് കാരണമായെന്ന് പറഞ്ഞത്.

1998ല്‍ കൊച്ചി സിറ്റി പൊലീസ് കമീഷണറായിരിക്കെ, കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മഅ്ദനിയെ അറസ്റ്റ് ചെയ്യണമെന്ന അന്നത്തെ ഉത്തര മേഖല ഐ.ജി ജേക്കബ് പുന്നൂസിന്റെ നിര്‍ദേശത്തിന്, 'എന്തിനാണ് അറസ്‌റ്റെന്ന' തന്റെ മറുചോദ്യത്തോടെ സേനയിലെ തന്റെ കഷ്ടകാലത്തിനു തുടക്കമായെന്നാണ് ജേക്കബ് തോമസ് 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍'എന്ന പേരിലുള്ള സര്‍വിസ് സ്‌റ്റോറിയില്‍ പറയുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട ചെയ്യുന്നു

വ്യക്തമായ കാരണമില്ലാതെ മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചതിനെ തനിക്ക് ചോദ്യം ചെയ്യാതിരിക്കാനാവുമായിരുന്നില്ലെന്നും എന്തിനാണ് അറസ്‌റ്റെന്നും തെളിവുകളുണ്ടോയെന്നും ഐ.ജിയോട് ചോദിച്ചത് വലിയ അപരാധമായിപ്പോയെന്ന വിലയിരുത്തലുണ്ടെന്നും ജേക്കബ് തോമസ് പുസ്തകത്തില്‍ പറയുന്നു.

'മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ ഞാന്‍ തയാറായില്ല. വാറന്റോ തെളിവുകളോ ഇല്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന തനിക്ക് അടുത്തദിവസം തന്നെ സിറ്റി പൊലീസ് കമീഷണറുടെ പദവിയില്‍നിന്ന് ഒഴിയേണ്ടി വന്നു. മഅ്ദനിയെ അറസ്റ്റ് ചെയ്യാതിരുന്നത് അതിനെ മനുഷ്യാവകാശ പ്രശ്‌നമായി കണ്ടാണ്. മനുഷ്യാവകാശം സംരക്ഷിക്കാന്‍ ഈ നിലപാടിലൂടെ കഴിഞ്ഞു. ഒമ്പതുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം മഅ്ദനി പുറത്തുവന്നതും തെളിവുകളുടെ അഭാവത്തിലായിരുന്നു.' ജേക്കബ് തോമസ് പറയുന്നു.

എന്നാല്‍, അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരും തനിക്കെതിരായ റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നെന്നും ജേക്കബ് തോമസ് പറയുന്നു. 'അതിനുശേഷം പൊലീസ് യൂണിഫോം അണിയേണ്ടി വന്നിട്ടില്ല. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍, കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടര്‍, ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എം.ഡി, ഫയര്‍ ഫോഴ്‌സ് മേധാവി തുടങ്ങിയവയായിരുന്നു പിന്നീടുള്ള പദവികള്‍.'
താന്‍ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സി.ഐയായിരുന്ന എ.വി. ജോര്‍ജ് 1998 മാര്‍ച്ച് 31ന് രാത്രി കൊച്ചിയിലെത്തി മഅ്ദനിയെ അറസ്റ്റ് ചെയ്ത് കോഴിക്കോട്ടേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 

സപ്ലൈകോ സി.എം.ഡിയായിരിക്കെ വകുപ്പില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും അടുത്ത സഹപ്രവര്‍ത്തകരെക്കുറിച്ചും അഴിമതിയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളും പൊലീസ് സേനയെക്കുറിച്ചും ഇപ്പോഴത്തെ പ്രതിസന്ധികളെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

വിട്ടുവീഴ്ചയില്ലാത്ത ഐ.പി.എസുകാരന്‍, വിവാദ നായകന്‍, അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തി ആരുടെ മുന്നിലും വഴങ്ങാത്തയാള്‍, ഉദ്യോഗസ്ഥരുടെ പേടിസ്വപ്നം ഇതൊക്കെയാണ് മലയാളികളുടെ മനസ്സില്‍ ജേക്കബ് തോമസിനുള്ള സ്ഥാനം. ഇത്തരം വിശേഷണങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്.

ഇതിന്റെ വിശദാംശങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് 'പുസ്തകം വരട്ടെ എന്നിട്ടാകാം മറ്റ് കാര്യങ്ങള്‍' എന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണമെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 
കറന്റ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം 22ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുക.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved