Latest News :
Home » » കപില്‍ മിശ്രയെ എഎപി സസ്‌പെന്‍ഡ് ചെയ്തു

കപില്‍ മിശ്രയെ എഎപി സസ്‌പെന്‍ഡ് ചെയ്തു

Written By Muhimmath News on Tuesday, 9 May 2017 | 18:22

ന്യൂഡല്‍ഹി: കൈക്കൂലി ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നു. മുന്‍മന്ത്രി കപില്‍ മിശ്ര നല്‍കിയ പരാതി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറി. അതേസമയം, ആരോപണം ഉന്നയിച്ച ഡല്‍ഹി മുന്‍മന്ത്രി കപില്‍ മിശ്രയെ ആം ആദ്മി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. സത്യം ജയിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ തുടങ്ങുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പരോക്ഷമായെങ്കിലും കേജ്‌രിവാള്‍ പ്രതികരണം നടത്തുന്നത്.

ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മുന്‍പാകെ ഹാജരായ കപില്‍ മിശ്ര, മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. കേജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മിശ്ര പറഞ്ഞു. കേജ്‌രിവാളിന്റെ വിശ്വസ്തരായ നേതാക്കളാണ് ഇതിനു പിന്നില്‍. അരവിന്ദ് കേജ്‌രിവാളിനെതിരെ ചൊവ്വാഴ്ച സിബിഐയ്ക്ക് പരാതി നല്‍കും. എന്തുവന്നാലും പാര്‍ട്ടിവിടില്ലെന്നും ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും കപില്‍ മിശ്ര പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. എല്ലാ മന്ത്രിമാരുടെയും ഫയലുകള്‍ പുറത്തുവിടും. തീരുമാനങ്ങള്‍ ടെന്‍ഡറുകള്‍ എല്ലാം പുറത്തുവിടും. ആര് പാര്‍ട്ടിവിടണം ആര് തുടരണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും മിശ്ര പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved