Latest News :
Home » , » കശ്മീരില്‍ കല്ലേറിനെ ചെറുക്കാന്‍ 'മനുഷ്യ കവചം' നൂതന മാര്‍ഗമെന്ന് കരസേനാ മേധാവി

കശ്മീരില്‍ കല്ലേറിനെ ചെറുക്കാന്‍ 'മനുഷ്യ കവചം' നൂതന മാര്‍ഗമെന്ന് കരസേനാ മേധാവി

Written By Muhimmath News on Sunday, 28 May 2017 | 18:19



ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സൈന്യത്തിനെതിരായ അക്രമം ചെറുക്കാന്‍ യുവാവിനെ സൈനികവാഹനത്തിനു മുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചം തീര്‍ത്ത സംഭവത്തെ ന്യായീകരിച്ച് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീരില്‍ ഇന്ത്യന സേനക്ക് 'വൃത്തികെട്ട യുദ്ധമാണ്' നേരിടേണ്ടി വരുന്നതെന്നും അതു ചെറുക്കാന്‍ നൂതന മാര്‍ഗങ്ങള്‍ സൈന്യത്തിന് കണ്ടെത്തേണ്ടി വരികയാണെന്നും കരസേനാ മേധാവി വ്യക്തമാക്കി.

കശ്മീരില്‍ നിഴല്‍യുദ്ധമാണ് നടക്കുന്നത്. ഒട്ടും മാന്യതയില്ലാത്ത രീതിയിലുള്ള കലാപം. അതിനെ നേരിടേണ്ടിവരുമ്പോള്‍ നൂതനമായ മാര്‍ഗങ്ങള്‍ പരീക്ഷിക്കേണ്ടി വരുമെന്നും റാവത്ത് പറഞ്ഞു. ആക്രമണമുണ്ടാകുമ്പോള്‍ സൈന്യത്തിന് സ്വയം സംരക്ഷിക്കാനുള്ള അവകാശമുണ്ട്. ജനം കല്ലെറിഞ്ഞോടിക്കുമ്പോള്‍ സ്വയസംരക്ഷണാര്‍ത്ഥം മേജര്‍ ഗൊഗോയ് വെടിവെക്കാന്‍ ഉത്തരവിട്ടിരുന്നേല്‍ എന്തായിരിക്കും സ്ഥിതി. അതിനു പകരം മറ്റൊരു രീതിയില്‍ അക്രമത്തെ ചെറുക്കുകയാണ് അദ്ദേഹം ചെയ്തത്.

ജമ്മു കശ്മീരിലെ സുരക്ഷ സങ്കീര്‍ണമായ പ്രശ്‌നമാണ്. പ്രതിഷേധക്കാര്‍ കല്ലെറിയുന്നതിനു പകരം ആയുധമെടുത്ത് ആക്രമിച്ചിരുന്നെങ്കില്‍ സേനാമേധാവിയെന്ന നിലയില്‍ സന്തോഷമായെനെയെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. സൗഹൃദത്തോടെയാണ് സേന ജനങ്ങളോടു പെരുമാറുന്നത്. സൈന്യം ക്രമസമാധാനപാലനം നടത്തുമ്പോള്‍ ജനം ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ നടത്തിയ അഭിമുഖത്തിലാണ് ബിപിന്‍ റാവത്ത് മനുഷ്യകവചത്തെ ന്യായീകരിച്ച് സംസാരിച്ചത്.

ഏപ്രില്‍ ഒമ്പതിന് ബഡ്ഗാമിലാണ് ഫാറൂഖ് അഹമ്മദ് ധര്‍ എന്ന യുവാവിനെ സേനാവാഹനത്തിനു മുന്നില്‍ കെട്ടിയിട്ടത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും ജീവന്‍ രക്ഷിക്കാനാണു യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത് എന്നായിരുന്നു നടപടിക്കു നേതൃത്വം നല്‍കിയ മേജര്‍ ലീതുള്‍ ഗോഗോയി വിശദീകരിച്ചത്. പിന്നീട് മേജര്‍ ലീതുള്‍ ഗോഗോയിയെ സേനാബഹുമതി നല്‍കി കരസേനാ മേധാവി ആദരിക്കുകയും ചെയ്തിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved