Latest News :
Home » , , » അഫ്‌സ്പ നടപ്പാക്കില്ല, കണ്ണൂരിലേത് ഒറ്റപ്പെട്ട സംഭവം: മുഖ്യമന്ത്രി

അഫ്‌സ്പ നടപ്പാക്കില്ല, കണ്ണൂരിലേത് ഒറ്റപ്പെട്ട സംഭവം: മുഖ്യമന്ത്രി

Written By Muhimmath News on Monday, 15 May 2017 | 12:50

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ലെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കണ്ണൂരില്‍ അഫ്‌സ്പാ നിയമം നടപ്പാക്കണമെന്ന ബി ജെ പി നിലപാടിനോട് യോജിപ്പില്ല. സി പി എം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച മൊഴിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറെ ബിജെപി ഭീഷണിപ്പെടുത്തിയത് ഫാസിസ്റ്റ് നിലപാടാണെന്നും ഗവര്‍ണര്‍ നിറവേറ്റിയത് ഭരണഘടനാ ചുമതലയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് കെ സി ജോസഫും ഒ രാജഗോപാലും കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

സംഭവത്തില്‍ ബി ജെ പി ഗവര്‍ണറെ കുറ്റപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ല. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത് ജനാധിപത്യത്തിന് നിരക്കാത്തതാണ്. ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ച് നടപടിയെടുക്കാനാണ് നീക്കം. ബി ജെ പി നടത്തുന്ന പ്രചരണം തെറ്റായ നടപടിയാണ്. കേന്ദ്രഭരണം കയ്യിലുണ്ടെന്ന് കരുതി പട്ടാളത്തെ ഇറക്കാമെന്നാണ് ബി ജെ പി കരുതുന്നത്. നിയമസഭയില്‍ എന്തും വിളിച്ചുപറയാമെന്ന അവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുമ്മനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തെറ്റാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ നടന്നത് ആസൂത്രിതമായ കൊലപാതകമാണെന്ന് കെ സി ജോസഫ് ആരോപിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് നടന്നത്.ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 19 കൊലപാതകങ്ങളാണ് കണ്ണൂരില്‍ നടന്നത്. ഗവര്‍ണറെ വിമര്‍ശിച്ച ബി ജെ പി നിലപാടും അംഗീകരിക്കാനാവില്ല. ഗവര്‍ണര്‍ എന്താ ബി ജെ പിയുടെ കൂലിപ്പണിക്കാരനാണോയെന്നും കെ സി ജോസഫ് ചോദിച്ചു. 

അതേസമയം മുഖ്യമന്തിയുടേത് കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved